Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ ബലാംത്സംഗം ചെയ്തു; ഹോസ‍്റ്റല്‍ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും പിടിയില്‍

കൂടുതല്‍ പെണ്‍കുട്ടികള്‍ ബലാംത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ആരോപണം. ഇവരുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജക മരുന്നുകളും കണ്ടെടുത്തു. മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന നിലയില്‍ ഏപ്രില്‍ ആറിന് 13 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സതേടി. സമരവുമായി ആദിവാസി സംഘടനകള്‍.

Two hostel officials arrested for rape minor tribal girls
Author
Chandrapur, First Published Apr 16, 2019, 8:57 AM IST

ചന്ദ്രാപൂര്‍(മഹാരാഷ്ട്ര): പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച ഹോസ‍റ്റല്‍ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അറസ്റ്റില്‍. ഒമ്പതും 11ഉം വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ബലാത്സംഗം ചെയ്തത്. അമിതമായി മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന നിലയില്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചന്ദ്രപൂര്‍ ഇന്‍ഫാന്‍റ് ജീസസ് ഇംഗ്ലീഷ് സ്കൂളിന്‍റെ ഹോസ‍റ്റലിലായിരുന്നു സംഭവം. ഇവര്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോസ‍റ്റല്‍ സൂപ്രണ്ട് ചബന്‍ പചാരെ, ഡെപ്യൂട്ടി സൂപ്രണ്ട് നരേന്ദ്ര വിരുദ്കര്‍ എന്നിവരാണ് അറസ‍റ്റിലായത്. 
അറസ്റ്റിന് ശേഷം ഇവരുടെ ഓഫിസിലും മുറിയിലും നടത്തിയ പരിശോധനയില്‍ നിരവധി ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജക മരുന്നുകളും പിടിച്ചെടുത്തതായി രജുര പൊലീസ് അറിയിച്ചു. 

ആദിവാസി പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായുള്ള ഹോസ‍റ്റലില്‍ നടന്ന പീഡനത്തെ സംബന്ധിച്ച് വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനമന്ത്രി സുധീര്‍ മുംഗാന്‍ഡിവര്‍ ഉത്തരവിട്ടു. ഇവര്‍ തനിക്കും മയക്കുമരുന്ന് നല്‍കിയതായി ആരോപിച്ച് മറ്റൊരു പെണ്‍കുട്ടിയും രംഗത്തെത്തി. ഏപ്രില്‍ ആറിന് മൊത്തം 13 പെണ്‍കുട്ടികള്‍ മയക്കുമരുന്ന് കഴിച്ച് അബോധാവസ്ഥയിലായിരുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിച്ചു. പോക്സോ, പട്ടിക ജാതി, പട്ടിക വകുപ്പ് വിഭാഗങ്ങള്‍ക്കുനേരെയുള്ള അക്രമം തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.  

ഒ.ആര്‍.എസ് ലായനിയില്‍ കലക്കിയാണ് കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയത്. രാത്രിയില്‍ ഹോസ‍റ്റലില്‍ പുറത്ത് നിന്നുള്ള പുരുഷന്മാരെ രഹസ്യമായി ഇവര്‍ എത്തിച്ചിരുന്നതായും പെണ്‍കുട്ടികള്‍ ആരോപിച്ചു. 300 പെണ്‍കുട്ടികളാണ് ഹോസ‍റ്റലില്‍ താമസിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ശിവസേനയും ആദിവാസി സംഘടനകളും റോഡ് ഉപരോധിച്ചു. ഏപ്രില്‍ 18ന് പ്രക്ഷോഭം നടത്തുമെന്ന് ആദിവാസി സംഘടനകള്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios