ചെന്നൈ:  തമിഴ്നാട് കാഞ്ചിപുരം ഗംഗയമൻ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പ്രദേശവാസികളായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സ്ഫോടനമുണ്ടായത്.

ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ സാരമായി പരുക്കേറ്റ ജയരാജ്, തിരുമാള്‍, യുവരാജ് എന്നിവര്‍ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍, തീവ്രവാദ ഭീഷണിയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ആശങ്ക വേണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്ത് അന്വേഷണം തുടരുകയാണ്.

അതേസമയം,  കാഞ്ചിപുരത്ത് നിന്ന് ഇന്ന് വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. കാഞ്ചിപുരം മാന്നമ്പതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.