"നിങ്ങൾ ഞങ്ങളോട് ഉത്തരവിടുകയാണോ?" എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ചോദിച്ചതോടെ പ്രബൽ പ്രതാപ് സിംഗ് കോടതിമുറിയിൽ ബഹളം വെക്കുകയും, ചീഫ് ജസ്റ്റിസിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച് കേസ് പേപ്പറുകൾ വലിച്ചെറിയുകയുമായിരുന്നു.
ദില്ലി: സുപ്രീംകോടതി കോടതിമുറിക്കുള്ളിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും കേസ് ഫയലുകൾ വായുവിൽ വലിചെറിയുകയും ചെയ്ത നിയമവിദ്യാർത്ഥിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്നൗ സർവകലാശാലയിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയായ പ്രബൽ പ്രതാപ് സിംഗാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നിയമവിദ്യാർത്ഥിയായ ചന്ദർ ഭാൻ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലായ് 10-നാണ് കോടതിയെ ഞെട്ടിച്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സുപ്രീംകോടതിയിൽ ജസ്റ്റിസ്മാരായ കെ.വി. വിശ്വനാഥൻ, അലോക് അറാധെ എന്നിവരടങ്ങിയ ബെഞ്ചിന്റെ മുൻപിൽ സ്വന്തം കേസിൽ നേരിട്ട് ഹാജരായ പ്രബൽ പ്രതാപ് സിംഗ്, ലഖ്നൗ അസിസ്റ്റന്റ് കമ്മീഷണർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടണമെന്ന് ആക്രോശിക്കുകയായിരുന്നു.
"നിങ്ങൾ ഞങ്ങളോട് ഉത്തരവിടുകയാണോ?" എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് കെ.വി. വിശ്വനാഥൻ ചോദിച്ചതോടെ പ്രബൽ പ്രതാപ് സിംഗ് കോടതിമുറിയിൽ ബഹളം വെക്കുകയും, ചീഫ് ജസ്റ്റിസിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച് കേസ് പേപ്പറുകൾ വലിച്ചെറിയുകയുമായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ ചേർന്നാണ് ഇയാളെ കോടതിമുറിക്ക് പുറത്താക്കിയത്. കോടതിയലക്ഷ്യമാണ് പ്രഭാൽ പ്രതാപ് നടത്തിയതെങ്കിലും അദ്ദേഹത്തിനെതിരേ നടപടിയെടുക്കാൻ ജസ്റ്റിസ് കെ.വി. വിശ്വനാഥിന്റെ ബെഞ്ച് തയാറായില്ല. വിദ്യാർത്ഥിയുടെ മാനസികാവസ്ഥ പരിഗണിച്ച് ഇയാൾക്കെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ബെഞ്ച് തീരുമാനിച്ചിരുന്നു.
എന്നാൽ സുപ്രീംകോടതി സുരക്ഷാ വിഭാഗത്തിന്റെ പരാതിയെ തുടർന്ന് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ബുധനാഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിന് ശേഷം ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയതായും ഇവരുടെ പക്കൽ നിന്ന് ആക്ഷേപകരമായ ഭാഷയിലുള്ള ലഘുലേഖകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.


