ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ജന്മനാടായ ഹാസനിലേക്ക് പോകാൻ ബസ് കാത്തുനിന്ന രണ്ടു യുവാക്കൾ കവർച്ചയ്ക്കിരയായതായി  പരാതി. കാറിലെത്തിയ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി പണവും മറ്റു വസ്തുക്കളും കവർന്നതായി യുവാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറ‍ഞ്ഞു. ബെംഗളൂരുവിൽ സോഫ്‍‍ട്‍വെയർ എൻജീയർമാരായ ലൂയിസ് (35), കുമാർ (32) എന്നിവരാണ് തട്ടിപ്പിനിരയായത്. കുനിഗൽ ബൈപ്പാസിനു സമീപം രാത്രി ഒൻപതുമണിയോടെയാണ് സംഭവം.

രണ്ടു മണിക്കൂറിലധികം കാത്തുനിന്നിട്ടും ബസ് വരാത്തതിനെ തുടർന്ന് മറ്റു മാർഗ്ഗങ്ങൾ തേടാൻ ആലോചിക്കുമ്പോഴാണ് കാറിലെത്തിയ നാലംഗ സംഘം തങ്ങൾ ഹാസൻ വഴിയാണ് പോകുന്നതെന്നും അവിടെ ഇറക്കാമെന്നും പറ‍ഞ്ഞ് സമീപിച്ചത്. ബസ് കാത്തുനിന്ന് മടുത്ത തങ്ങൾ‌ക്ക് ആശ്വാസമായിരുന്നു കാറിലെത്തിയവരുടെ വാക്കുകൾ. പിന്നീട് ഒട്ടും ചിന്തിക്കാതെ അവർക്കൊപ്പം കാറിൽ കയറി. ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം കാർ മെയിൻ റോഡിൽ നിന്ന് ചെറിയ റോഡിലേക്ക് തിരിക്കുകയും കാറിലുണ്ടായിരുന്നവർ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും യുവാക്കൾ‌ പറ‍ഞ്ഞു.

ജീവന് ഭീഷണിയാണെന്ന് തോന്നിയപ്പോൾ കയ്യിലുണ്ടായിരുന്ന പണവും വാച്ചും മൊബൈൽ ഫോണുകളും സ്വർണ്ണ ബ്രേസ്ലെറ്റും ലാപ്ടോപ്പുകളും സംഘത്തിലുള്ളവർക്ക് നൽകുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും യുവാക്കൾ കൂട്ടിച്ചേർത്തു. കവർച്ചയ്ക്ക് ശേഷം യുവാക്കളെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. ഇവിടെനിന്ന് നാട്ടുകാരുടെ സഹായത്തോടെ യുവാക്കൾ  പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ബെംഗളൂരുവിലെ കെആർ പുരത്തുനിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റൊരാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരുടെ കൈയ്യിൽ നിന്ന് മോഷണമുതൽ കണ്ടെത്തിയില്ലെന്നും പൊലീസ് അറിയിച്ചു.