ഉമങ്ക്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ജിതേന്ദ്രഗോഗിയെ വധിക്കാനെത്തിയ അക്രമികള്‍ക്ക് ഇരുവരും സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. രോഹിണി കോടതിയിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇരുവരുടെയും പങ്കാളിത്തം വ്യക്തമായതെന്നാണ് സൂചന.
ദില്ലി: ദില്ലി രോഹിണി കോടതി വെടിവെപ്പുമായി (Rohini Court) ബന്ധപ്പെട്ട് രണ്ട് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഉമങ്ക്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ജിതേന്ദ്രഗോഗിയെ വധിക്കാനെത്തിയ അക്രമികള്‍ക്ക് ഇരുവരും സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. രോഹിണി കോടതിയിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇരുവരുടെയും പങ്കാളിത്തം വ്യക്തമായതെന്നാണ് സൂചന. അക്രമികളെ കോടതിയില്‍ ഇറക്കാന്‍ ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോഗിയെ വധിക്കാനായി മണ്ഡോലി ജയില്‍ വച്ചാണ് ടില്ലു ഗൂഢാലോചന നടത്തിയതെന്നാണ് അനുമാനം. ഇയാളെ ക്രൈംബ്രാഞ്ച് (Crime Branch) ഉടൻ ചോദ്യം ചെയ്യും
അതിനിടെ, രോഹിണി കോടതിയിൽ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലെന്ന് ഒരു വർഷം മുൻപ് ദില്ലി ഹൈക്കോടതി ഭരണ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോർട്ട് പുറത്തുവന്നു . ഒരു പൊതുതാൽപ്പര്യ ഹർജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഭരണ വിഭാഗം ഇക്കാര്യം ഉന്നയിച്ചത്. അടിയന്തരമായി പൊലീസ് വിന്യാസം വർധിപ്പിക്കണമെന്നും കൂടുതൽ സി സി ടി വി കൾ സ്ഥാപിക്കേണ്ടതുണ്ടെന്നും ഭരണവിഭാഗം ജുഡീഷ്യൽ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അഭിഭാഷകനായ കുൻവാർ ഗംഗേഷ് 2019 ൽ നൽകിയ ഹർജിയിലാണ് കഴിഞ്ഞവർഷം ഭരണവിഭാഗം സത്യവാങ്മൂലം നൽകിയത്. കോടതികളിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്റെ ഹർജി. എന്നാൽ ഈ ഹർജി ഹൈക്കോടതി ഇതുവരെ തീർപ്പ് കൽപ്പിച്ചിട്ടില്ല.
കോടതിയില്‍ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. വീണ്ടും ഗുണ്ടാ ഏറ്റുമുട്ടല്‍ ഉണ്ടാകാമെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യതലസ്ഥാനത്തെ ജയിലുകള്‍ ജാഗ്രത പുലർത്തണമെന്ന് സർക്കാര്‍ നിർദേശിച്ചു. സുരക്ഷ വിഷയം ഉന്നയിച്ച് ജില്ലാ കോടതികളിലെ നടപടികളില്‍ നിന്ന് അഭിഭാഷകര്‍ ഇന്നലെ വിട്ടു നിന്നു.
കനത്ത സുരക്ഷയാണ് വെടിവെപ്പ് ഉണ്ടായ രോഹിണി കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സർക്കാര്‍ നിർദേശത്ത് തുടർന്ന് ദില്ലിയിലെ ജയിലുകളിലും സുരക്ഷ വർധിപ്പിച്ചു. രോഹിണിയിലെ വെടിവെപ്പിന് പിന്നാലെ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഗുണ്ടാസംഘങ്ങളില്‍പെട്ടവര്‍ തടവില്‍ ഉള്ള തീഹാർ, രോഹിണി ഉള്‍പ്പെടെയുള്ള ജയിലുകളില്‍ ജാഗ്രത വേണമെന്നാണ് സർക്കാർ നിര്‍ദേശം. ഇതിനിടെ കോടതികളിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികളുമായി അഭിഭാഷര്‍ സുപ്രീംകോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര ഇടപെടലിന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് നിര്‍ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കീഴ് കോടതികളില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കണം, പ്രതികളെ വെര്‍ച്വലി കോടതികളില്‍ ഹാജരാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജികളില്‍ ഉന്നയിക്കുന്നുണ്ട്. കോടതി മുറിക്കുള്ളില്‍ വെടിവെപ്പ് ഉണ്ടായ സാഹചര്യത്തില്‍ ദില്ലിയിലെ ജില്ലാ കോടതികളിലെ നടപടികളില്‍ നിന്ന് അഭിഭാഷകര്‍ ഇന്ന് വിട്ടുനിന്നു .സുരക്ഷ പ്രശ്നം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ബാര്‍ അസോസിയേഷന്‍ കോര്‍ഡിനേഷന്റെ ആഹ്വാനപ്രകാരമായിരുന്നു നീക്കം. ബാര്‍ അസോസിയേഷൻ പ്രതിനിധികള്‍ ദില്ലി കമ്മീഷണര്‍ രാകേഷ് അസ്താനയുമായി ഇക്കാര്യത്തില്‍ ചർച്ച നടത്തുകയും ചെയ്തു.
