ബെംഗളുരു: കര്‍ണാടകയില്‍ പൗരത്വനിയമഭേദഗതിക്കെതിരെ നാടകം കളിച്ച സ്കൂളിലെ പ്രധാനാധ്യാപികയെയും വിദ്യാര്‍ത്ഥികളിലൊരാളുടെ മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 21 നാണ് നാല്, അഞ്ച്, ആറ് ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്കൂളില്‍ നാടകം സംഘടിപ്പിച്ചത്. ഷഹീന്‍ ഗ്രൂപ്പിന്‍റെ കീഴിലുള്ള സ്കൂളിലായിരുന്നു സംഭവം. നാടകത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ സാമൂഹ്യപ്രവര്‍ത്തകനായ നിലേഷ് രക്ഷ്യാല്‍ നല്‍കിയ പരാതിയില്‍ സ്കൂളിന് സീല്‍ വച്ചിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിപാടി അവതരിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ചുത്തിയിരിക്കുന്ന കുറ്റം. അന്വേഷണത്തിനായി സ്കൂളിലെത്തിയ പൊലീസുകാരോട് പ്രധാനമന്ത്രിയെക്കുറിച്ച് മോശമായി സംസാരിച്ച വിദ്യാര്‍ത്ഥികളിലൊരാളുടെ അമ്മയായ നസ്ബുന്നീസയെയും പ്രധാനാധ്യാപിക ഫരീദ ബീഗത്തെയും അറസ്റ്റ് ചെയ്തുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ടി ശ്രീധര എന്‍ഡിടിവിയോട് പറഞ്ഞു. 

ഇരുവരും ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ജുഡ‍ീഷ്യല്‍ കസ്റ്റഡിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയീിലെ ബിദറിലാണ് വിദ്യാലയം. പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്കൂളിനെതിരെ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൗരത്വനിയമഭേഗഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിക്കുന്നു.  

സര്‍ക്കാര്‍ നയത്തെയും പദ്ധതികളെയും കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്ന നാടകം സമൂഹമാധ്യമങ്ങളില്‍ വൈറലായ രീതി സമൂഹത്തിലെ സമാധാനം തകര്‍ക്കുന്നതാണെന്നും രക്ഷ്യാല്‍ ആരോപിക്കുന്നു. സ്ഥാപനത്തിനെതിരെ നിയമപരമായ നടപടിയാണ് പരാതിയിലൂടെ ഇയാള്‍ ആവശ്യപ്പെട്ടത്. സ്കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച എബിവിപി ആഭ്യന്ത്രമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.