ഓവൽ ആകൃതിയിലുള്ള ക്യാപ്‍സ്യൂളുകളാക്കിയാണ് കോടികൾ വിലവരുന്ന ലഹരി മരുന്ന് ശരീരത്തിൽ ഒളിപ്പിച്ചത്.


ദില്ലി: വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ രണ്ട് സ്ത്രീകളെ ശരീരത്തിൽ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരവുമായി ദില്ലി അന്താരാഷ്ട്ര വിമാനത്തിൽ പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസാണ് ഇരുവരെയും നിരീക്ഷിച്ചത്. വിശദ പരിശോധനയിൽ മയക്കുമരുന്ന് കടത്ത് കൈയോടെ പിടികൂടിയതോടെ ഇരുവരും പിടിയിലായി.

സൗത്ത് അമേരിക്കയിൽ നിന്ന് യൂറോപ്പ് വഴി ഇന്ത്യയിലെത്തിയ സ്ത്രീകളാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച കൊക്കൈനുമായിട്ടായിരുന്നു ഇവരുടെ നീണ്ട യാത്ര. ആദ്യത്തെ സ്ത്രീ സാവോ പോളോയിൽ നിന്ന് പാരിസ് വഴി ദില്ലിയിലെത്തി. ഇവരെ നിരീക്ഷിച്ചു കൊണ്ടിരുന്ന കസ്റ്റംസുകാർ പിന്നീട് പിടികൂടി പരിശോധന നടത്തുകയായിരുന്നു. 959 ഗ്രാം തൂക്കം വരുന്ന 93 ക്യാപ്‍സ്യൂളുകളാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെ പരിശോധനാ മുറിയിൽ വെച്ച് 38 ക്യാപ്‍സ്യൂളുകൾ ശരീരത്തിൽ നിന്ന് പുറത്തെടുത്തു. ബാക്കി 55 ക്യാപ്‍സ്യൂളുകൾ പുറത്തെടുത്തത് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ വെച്ചായിരുന്നു. 14.39 കോടി രൂപ വിലവരുന്ന കൊക്കൈനാണ് ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.

ബ്രസീൽ സ്വദേശിയായ രണ്ടാമത്തെ സ്ത്രീയും സാവോ പോളോയിൽ നിന്ന് പാരിസ് വഴി ദില്ലിയിൽ എത്തിയതായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ മയക്കുമരുന്ന് കടത്തുന്ന കാര്യം സമ്മതിച്ചു. 786 ഗ്രാം തൂക്കം വരുന്ന 79 ക്യാപ്‍സ്യൂളുകൾ ഇവരുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തു. ഇതിന് 11.52 കോടി രൂപ വിലവരും. രണ്ട് പേരെയും ലഹരിവിരുദ്ധ നിയമങ്ങൾ പ്രകാരം അറസ്റ്റ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം