ദില്ലി: ജന്മദിന പാര്‍ട്ടി ആഘോഷിക്കാന്‍ കാറില്‍ ചീറിപ്പാഞ്ഞ യുവതീയുവാക്കാള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റ് ദില്ലിയിലെ റിംഗ് റോഡിലാണ് അപകടം. ദില്ലി യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ റൂബല്‍(20) കൂട്ടുകാരന്‍ പ്രഭ്ജോത് സിംഗ്(18) എന്നിവരാണ് മരിച്ചത്. അര്‍ഷ്പ്രീത് കൗര്‍(19), കേശവ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ഷ്പ്രീത് കൗറും ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ്. 

കാര്‍ ഓടിച്ചിരുന്ന ലക്ഷ്യ മല്‍ഹോത്ര എന്നയാള്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിസാര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഡ്രൈവറുടെ രക്ത പരിശോധന റിപ്പോര്‍ട്ട് ഫലത്തിന് കാത്തിരിക്കുകയാണ്. മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കില്‍ നടപടിയെടുക്കുമെന്ന് ഷാഹ്ദര ഡിസിപി മേഘ്ന യാദവ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാര്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്നവര്‍ തെറിച്ചു പോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിസാര പരിക്കേറ്റ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ പിടികൂടി.

അപകടം നടന്ന സ്ഥലത്തും കാറിനുള്ളിലും മദ്യകുപ്പികളും സിഗരറ്റും ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അര്‍ഷ്പ്രീത് കൗറിന്‍റെ ജന്മദിനമാഘോഷിക്കാനാണ് ശനിയാഴ്ച എല്ലാവരും ഒത്തുകൂടിയത്. താമസ സ്ഥലത്ത്നിന്ന് അമിതമായി മദ്യപിച്ച ശേഷമാണ് ഇവര്‍ കാറില്‍ സവാരിക്കിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാറിനുള്ളിലും ഇവര്‍ മദ്യപിച്ചു. മുഖര്‍ജി നഗറില്‍ പേയിംഗ് ഗസ്റ്റായിട്ടാണ് റൂബല്‍ താമസിക്കുന്നത്. റൂബലും അര്‍ഷ്പ്രീത് കൗറും ഹരിയാന സ്വദേശികളും സുഹൃത്തുക്കളുമാണ്. കൊല്ലപ്പെട്ട പ്രഭ്ജോത് സിംഗും കേശവും ലക്ഷ്യയുടെ ഉടമസ്ഥതിയിലുള്ള കാള്‍ സെന്‍ററിലാണ് ജോലി ചെയ്യുന്നത്. ഇയാളുടേതാണ് കാറിലാണ് ഇവര്‍ സഞ്ചരിച്ചത്.