ജമ്മു: ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിന് കശ്മീരി യുവമാധ്യമപ്രവര്‍ത്തകക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്. ഫോട്ടോ ജേര്‍ണലിസ്റ്റ് മസ്‌റത് സഹ്‌റക്കെതിരെയാണ് ജമ്മു കശ്മീര്‍ പൊലീസ് യുഎപിഎ ചുമത്തിയത്.  രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്ക്കരിക്കുന്നതും ക്രമസമാധാന നില തകര്‍ക്കാന്‍ യുവത്വത്തെ പ്രേരിപ്പിക്കുന്നതുമാണ് സഹ്‌റ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ എന്ന് പൊലീസ് വ്യക്തമാക്കി. അറിഞ്ഞു കൊണ്ട് മനപ്പൂര്‍വമാണ് സഹ്‌റയുടെ നടപടിയെന്നും പൊലീസ് പറഞ്ഞു.

കുറ്റകരമായ ലക്ഷ്യത്തോടെയാണ് സഹ്‌റയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും നിയമസംവിധാനങ്ങളുടെ പ്രതിച്ഛായ ഇല്ലാതാക്കുകയും ചെയ്യുന്നതായും പൊലീസ് പറയുന്നു. എന്നാല്‍, ഫേസ്ബുക്കില്‍ ഫോട്ടോ അപ്ലോഡ് ചെയ്തത് ഫോട്ടോ ഡിജിറ്റലായി സൂക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്നും വിഷയം പ്രസ്് ക്ലബ് അധികൃതരുമായി ചര്‍ച്ച ചെയ്‌തെന്നും അവര്‍ വിഷയത്തില്‍ ഇടപെടുമെന്നും സഹ്‌റ പറഞ്ഞു.