ലഖ്‌നൗ: ശിവസേന തലവൻ ഉദ്ധവ് താക്കറെയും പാർട്ടിയുടെ 18 എംപിമാരും ഉത്തർപ്രദേശിലെ അയോധ്യ സന്ദർശിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നവംബറിൽ അയോധ്യയിലെത്തിയിരുന്ന ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് ഇങ്ങോട്ടേക്ക് പോകുന്നത്. വിവാദ തർക്ക ഭൂമിയിൽ രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന ആവശ്യമുയർത്തിയാണ് താക്കറെയും സംഘവും അയോധ്യ സന്ദർശിക്കുന്നത്.

ഈ സന്ദർശനം വോട്ടിന് വേണ്ടിയല്ലെന്നും വിശ്വാസത്തിന്റെ മാത്രം പേരിലുള്ളതാണെന്നുമാണ് ശിവസേന നേതാക്കൾ വ്യക്തമാക്കിയത്. പാർലമെന്റ് സെഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ അയോധ്യയിലെത്തുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇവർ വ്യക്തമാക്കിയിരുന്നതാണ്. ഈ വർഷം അവസാനമാണ് മഹാരാഷ്ട്രയിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുക.

ശിവസേന എംപിമാർ ഇന്നും ഉദ്ധവ് താക്കറെ നാളെയും അയോധ്യയിലെത്തും. താക്കറെയുടെ സന്ദർശനത്തിന് മുന്നോടിയായി ജൂൺ പത്തിന് പാർട്ടി നേതാവ് സഞ്ജയ് റൗത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് സംസാരിച്ചിരുന്നു.