മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും.ഉദ്ധവിനെ മുഖ്യമന്ത്രിയാക്കാൻ ശിവസേന-എൻസിപി-കോൺഗ്രസ് നിര്‍ണായക യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളടക്കം എല്ലാവരും ഒറ്റക്കെട്ടായി ഉദ്ധവിന്‍റെ പേര് നിർദ്ദേശിച്ചെന്നാണ് വ്യക്തമാകുന്നത്. നേതാക്കളുടെ സമ്മർദ്ദത്തിന് ഉദ്ധവ് വഴങ്ങിയതായാണ് ശിവസേന വൃത്തങ്ങൾ അറിയിക്കുന്നത്.

മഹാരാഷ്ട്രയിലെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാര്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. നാളെ പ്രഖ്യാപനം നടത്താനുള്ള നീക്കത്തിലാണ് ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യമെന്നാണ് വ്യക്തമാകുന്നത്. അന്തിമ തീരുമാനം എടുക്കാനായി മൂന്നു പാർട്ടികളുടേയും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന യോഗം പുരോഗമിക്കുകയാണ്. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മഹാവികാസ് അഖാ‍ഡി എന്ന പേരില്‍ സഖ്യമുണ്ടാകുമെന്ന് നേരത്തെ തന്നെ ദില്ലിയില്‍ ധാരണയായിരുന്നു.

ആഭ്യന്തര വകുപ്പ് എന്‍സിപി ആവശ്യപ്പെട്ടതായാണ് വിവരം. കോൺഗ്രസിന്‍റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍ മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും നിര്‍ണയിക്കുന്നതിലെ അവ്യക്തതയ്ക്ക് യോഗത്തോടെ തീരുമാനമായേക്കും. 

ഇതിനിടെ കുതിരക്കച്ചവടം പേടിച്ച് സേനാ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്ന വിവരങ്ങളുമുണ്ട്. അവസാനഘട്ടത്തിലെ കൂറമാറ്റം തടയാനാണിതെന്നാണ് വിവരം. ഡിസംബർ ഒന്നിനകം സത്യപ്രതിജ്ഞയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഇതോടെ അവസാനമായേക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.