ടൗട്ടേ ചുഴലിക്കാറ്റ് വീശിയടിച്ച മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തിയിരുന്നു. 

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച ബിജെപിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ. ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശത്തെ പ്രശ്‌നങ്ങള്‍ അറിയാനാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും ഹെലികോപ്ടറിലിരുന്നു സര്‍വേ നടത്തുകയായിരുന്നില്ലെന്നും താക്കറെ പറഞ്ഞു. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

പ്രധാനമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രയെ ഉദ്ദേശിച്ചായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമര്‍ശം. ടൗട്ടേ ചുഴലിക്കാറ്റ് നാശം വിതച്ച കൊങ്കണ്‍ മേഖലയില്‍ സന്ദര്‍ശനം നടത്തവെയാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന. എന്റെ സന്ദര്‍ശനം നാല് മണിക്കൂര്‍ നീണ്ടാലും പ്രശ്‌നമില്ല. സ്ഥലത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാണ് ഞാന്‍ വന്നത്. ഹെലികോപ്ടറില്‍ ഫോട്ടോ സെഷന്‍ നടത്താനല്ല. ഞാന്‍ സ്വയം ഒരു ഫോട്ടോഗ്രാഫറാണ്. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനല്ല ഇവിടെ വന്നത്- താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ധവ് താക്കറെയുടെ സന്ദര്‍ശന സമയത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മറുപടി. 

ടൗട്ടേ ചുഴലിക്കാറ്റ് വീശിയടിച്ച മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ആകാശ നിരീക്ഷണം നടത്തിയിരുന്നു. ദുരന്തത്തിനിടയിലെ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona