Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ലതാമങ്കേഷ്കറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

നവംബര്‍ 11നാണ് ലതാമങ്കേഷ്കറെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദ്ദവ് താക്കറെ ഗായികയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിടച്ചുവെന്നും...

Uddhav Thackeray visits  Lata Mangeshkar in hospital
Author
Mumbai, First Published Nov 30, 2019, 10:19 AM IST

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉദ്ദവ് താക്കറെ ആശുപത്രിയിലെത്തി ഗായിക ലതാമങ്കേഷ്കറെ കണ്ടു. സൗത്ത് മുംബൈയിലെ ബ്രീച്ച് കാന്‍ഡ‍ി ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് ഗായിക. 

നവംബര്‍ 11നാണ് ലതാമങ്കേഷ്കറെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദ്ദവ് താക്കറെ ഗായികയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിടച്ചുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലതാമങ്കേഷ്കറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കുടുംബം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ർ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സിനിമാസംവിധായകന്‍ മധുര്‍ പണ്ഡാര്‍ക്കറാണ് ഒടുവിലായി ലതാ മങ്കേഷ്കറെ സന്ദര്‍ശിച്ചത്. 

ഇന്നാണ് ഉദ്ധവ് താക്കറെ സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടുന്നത്. 288 അംഗ നിയമസഭയിൽ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയുണ്ടെന്നാണ് ഗവർണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉണ്ടാക്കിയ സാഹചര്യത്തിൽ സഖ്യത്തിനു പിന്തുണയുമായി കൂടുതൽ സ്വതന്ത്രരും ചെറു പാർട്ടികളും എത്തിയിട്ടുണ്ട്. കോൺഗ്രസ് ശിവസേന എൻസിപി പാർട്ടികളുടെ എംഎൽഎമാർ ഇപ്പോഴും റിസോർട്ടുകളിൽ തന്നെ തങ്ങുകയാണ്. സഖ്യത്തിന് എതിർക്കുന്നില്ലെങ്കിലും സിപിഎം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിശ്വാസവോട്ടെടുപ്പ് നടത്താനായി സഭ ചേരുക. 

മഹാരാഷ്ട്രയുടെ 18–ാമത് മുഖ്യമന്ത്രിയാണ്  ഉദ്ധവ് താക്കറെ. താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയും. ത്രികക്ഷി സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളില്‍ നിന്ന് ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോൺഗ്രസിൽ നിന്ന് പിസിസി പ്രസിഡന്റ് ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവത്ത് എന്നിവരും, എൻസിപിയിൽ നിന്ന് ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ, ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെ, സുഭാഷ് ദേശായി എന്നിവരും ഉദ്ധവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 

അതിനിടെ മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും വിശ്വാസവോട്ടെടുപ്പിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ്  കെ സി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ഏതായാലും  162 പേരുടെ പിന്തുണ ഉദ്ധവിന് ഉറപ്പിക്കാന്‍ കഴിയുമോയെന്ന് ഇന്നറിയാം. 

Follow Us:
Download App:
  • android
  • ios