മുംബൈ: ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത് കുപ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അവരുടെ വികാരങ്ങൾ മുതലെടുത്ത് അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

"കുടിയേറ്റ തൊഴിലാളികളുടെ വികാരങ്ങള്‍ വച്ച് കളിക്കരുത്. അവര്‍ പാവങ്ങളാണ്. ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്, അവരുടെ വികാരം വച്ച് മുതലെടുപ്പിന് ശ്രമിക്കരുത്‌. സര്‍ക്കാര്‍ തൊഴിലാളികളോടൊപ്പമുണ്ട്. കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണെന്നാല്‍ തടവിലിടുന്നതല്ലെന്ന് തിരിച്ചറിയണം"ഉദ്ധവ്‌ താക്കറെ പറഞ്ഞു.

അതേസമയം, ഭക്ഷണം ഉള്‍പ്പെടെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ നാടുകളിലേക്ക്‌ മടങ്ങാന്‍ എത്തിച്ചേര്‍ന്നതെന്ന ആരോപണം താക്കറെ നിഷേധിച്ചു.

ലോക്ക് ‍ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെയാണ് ബാന്ദ്രയില്‍ വലിയ രീതിയില്‍ കുടിയേറ്റ തൊഴിലാളികള്‍ ഒന്നിച്ച് കൂടിയത്. നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ഇവരുടെ ആവശ്യം. സംഘർഷമുണ്ടാക്കിയ ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായും മേഖലയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മിക്ക തൊഴിലാളികൾക്കും ജോലി നഷ്ടമായ അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും നാട്ടിൽ തിരികെയെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.