സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂരിൽ പാർട്ടിക്ക് അപ്രതീക്ഷിത തോൽവി. ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ, യുഡിഎഫ് പിന്തുണയോടെ വിമതനായി മത്സരിച്ച് വിജയിച്ചു. ഈ അട്ടിമറി വിജയം സിപിഎമ്മിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

കണ്ണൂർ: സിപിഎമ്മിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന മണ്ഡലമായിരുന്നു കണ്ണൂരിലെ പയ്യന്നൂർ. 2021ൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടിഐ മധുസൂദനൻ വിജയിച്ചു. ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പയ്യന്നൂർ. സ്വാഭാവികമായി ഇത്തവണയും എൽഡിഎഫ് വിജയിക്കുമെന്ന് കണക്കുകൂട്ടി. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു മുൻ ജില്ലാ കമ്മിറ്റി അം​ഗം വി. കുഞ്ഞികൃഷ്ണൻ വിമതനായി രം​ഗത്തെത്തി. ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, പാർട്ടി ഓഫിസ് നിർമാണ ഫണ്ട് തട്ടിപ്പ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ഫണ്ട് തട്ടിപ്പ് എന്നിവ ഉയർത്തി, കുഞ്ഞികൃഷ്ണൻ പരസ്യമായി രം​ഗത്തെത്തി. ആദ്യഘട്ടത്തിൽ പാർട്ടിയായിരുന്നില്ല, ടിഐ മധുസൂദനനായിരുന്നു ലക്ഷ്യം. എന്നാൽ, പാർട്ടി ശക്തമായി രം​ഗത്തെത്തിയതോടെ കുഞ്ഞികൃഷണനെ പുറത്താക്കുകയും മധുസൂദനനെ തന്നെ സ്ഥാനാർഥിയായി നിർത്തുകയും ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

യുഡിഎഫ് പിന്തുണയോടെ കുഞ്ഞികൃഷ്ണനും സ്ഥാനാർഥിയായി. പോളിങ് കഴിഞ്ഞപ്പോഴും യുഡിഎഫ് വലിയ പ്രതീക്ഷ വെച്ചിരുന്നില്ല. ഭൂരിപക്ഷം കുറയ്ക്കാമെന്നല്ലാതെ അട്ടിമറി ജയമുണ്ടാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി. എന്നാൽ, എല്ലാ പ്രതീക്ഷകളെയും കാറ്റിൽപ്പറത്തി കുഞ്ഞികൃഷ്ണൻ വിജയം കുറിച്ചു. 49,780 വോട്ടുകളാണ് കുഞ്ഞികൃഷ്ണൻ നേടിയത്. ടിഐ മധുസൂദനൻ ആകട്ടെ 69153 വോട്ടും നേടി. 7487 വോട്ടിന്റെ ഭൂരിക്ഷമാണ് ലഭിച്ചത്. കുഞ്ഞികൃഷ്ണന്റെ വിജയം സിപിഎമ്മിന് ചില്ലറ തലവേ​ദനയൊന്നുമല്ല സൃഷ്ടിക്കുക. പാർട്ടിയിൽ നിരവധി ചർച്ചകൾക്ക് വഴിവെക്കുന്നതായിരിക്കും പയ്യന്നൂരിലെ തോൽവി. നേതൃത്വം എന്ത് മറുപടി പറയുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.