അമൃത്സര്‍: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അനുശോചനവുമായി ബ്രിട്ടീഷ് സ്ഥാനപതി സ്മൃതി കുടീരത്തില്‍. ശനിയാഴ്ച രാവിലെയാണ് പൂക്കളുമായി ബ്രിട്ടീഷ് ഹൈകമീഷണര്‍ ഡൊമിനിക് അസ്ക്വിത് സ്മൃതി കുടീരത്തില്‍ എത്തിയത്.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും അഗാധമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യയും ബ്രിട്ടനും ഇപ്പോഴും തുടരുന്ന നല്ല ബന്ധത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. 1919 ഏപ്രില്‍ 13നാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്. അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ സമാധാനപരമായി തടിച്ചുകൂടിയ ജനാവലിക്കുനേരെ വഴികള്‍ അടച്ച് ബ്രിട്ടീഷ് സൈന്യം വെടിവെക്കുകയായിരുന്നു.

ബ്രിഗേഡിയര്‍ ജനറല്‍ ഒ. ഡയറാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. 379 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ഔദ്യോഗിക കണക്ക്. എന്നാല്‍, ആയിരത്തിലേറെ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പറയുന്നു.