ടേൺ ഗ്രൂപ്പിൻ്റെ പുതിയ പഠനമനുസരിച്ച്, 52% ഇന്ത്യൻ യുവാക്കളും വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു. സാമ്പത്തിക വളർച്ചയാണ് പ്രധാന ലക്ഷ്യം, 43% പേരും ഇപ്പോൾ ഇഷ്ടരാജ്യമായി തിരഞ്ഞെടുക്കുന്നത് ജർമ്മനിയാണ്. നിരവധി വെല്ലുവിളികൾ ഇവർ നേരിടുന്നു.
ദില്ലി: മെച്ചപ്പെട്ട ജീവിതനിലവാരവും ഉയർന്ന ശമ്പളവും നല്ല ജോലിയും പ്രതീക്ഷിച്ച് രാജ്യത്തെ 52 ശതമാനം യുവാക്കളും വിദേശത്തേക്ക് കുടിയേറാൻ താത്പര്യപ്പെടുന്നതായി പഠനം. ടേൺ ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കുടിയേറാനുള്ള പ്രധാന കാരണമായി 46 ശതമാനം പേരും ചൂണ്ടിക്കാട്ടിയത് സാമ്പത്തികമായ ഉയർച്ചയാണ്. 34 ശതമാനം പേർ മെച്ചപ്പെട്ട ജോലി അന്വേഷിച്ചാണ് പോകുന്നത്. വ്യക്തിഗതമായ തിരഞ്ഞെടുക്കലാണ് 9 ശതമാനം പേരെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.
എന്നാൽ കുടിയേറാൻ താത്പര്യപ്പെടുന്നവർ നേരത്തെ പ്രധാനമായും തിരഞ്ഞെടുത്തത് അമേരിക്കയായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. 43 ശതമാനം പേർക്കും ഇപ്പോൾ ജർമ്മനിയാണ് ഇഷ്ടപ്പെട്ട രാജ്യം. യുകെയിലേക്ക് പോകുന്നവർ 17 ശതമാനവും ജപ്പാൻ പരിഗണിക്കുന്നവർ ഒൻപത് ശതമാനവും കഴിഞ്ഞാൽ നാല് ശതമാനം പേരാണ് അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്. വിദേശത്തേക്ക് കുടിയേറുന്ന 61 ശതമാനം നഴ്സുമാരും ടയർ 2, 3 നഗരങ്ങളിൽ നിന്നുള്ളവരാണെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ദില്ലിയിൽ നിന്നുള്ളവർ 17 ശതമാനവും ദക്ഷിണേന്ത്യയിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തേക്ക് കുടിയേറുന്ന നഴ്‌സുമാർ ഒൻപത് ശതമാനം വീതവുമാണ്.
എന്നാൽ വിദേശത്തെ ജീവിതം ഇവർക്കൊന്നും എളുപ്പമാകുന്നില്ലെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. 44 ശതമാനം പേരും ഭാഷാപരമായ വെല്ലുവിളിക( നേരിടുന്നു. 48 ശതമാനം പേർക്ക് തൊഴിൽ തട്ടിപ്പാണ് കുരുക്കാകുന്നത്. കൃത്യമായ മാർഗ നിർദേശം ലഭിക്കാത്തതാണ് 33 ശതമാനം പേർ വെല്ലുവിളിയായി ചൂണ്ടിക്കാട്ടുന്നത്.


