യുകെയിലെ പീറ്റർബറോ നഗരസഭ, നഗരത്തിലെ ഏക ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്ന കെട്ടിടം ഒരു ഇസ്ലാമിക സംഘടനയ്ക്ക് വിറ്റു. കടബാധ്യത തീർക്കാനാണ് വിൽപ്പനയെന്ന് കൗൺസിൽ പറയുമ്പോൾ, ക്ഷേത്ര ട്രസ്റ്റ് നൽകിയ ഉയർന്ന തുക നിരസിച്ചാണ് ഈ തീരുമാനമെന്നത് വിവാദമായി. ഈ തീരുമാനത്തിനെതിരെ ഹിന്ദു സംഘടനകൾ നിയമപോരാട്ടത്തിലാണ്.
ലണ്ടൻ: യുകെയിലെ പീറ്റർബറോ നഗരത്തിലെ ഏക ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്ന കെട്ടിടം നഗരസഭ, മുസ്ലിം പള്ളി നിർമ്മിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റു. ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള പീറ്റർബറോ സിറ്റി കൗൺസിലാണ് 'ന്യൂ ഇംഗ്ലണ്ട് കോംപ്ലക്സ്' എന്ന സമുച്ചയം വിൽക്കാൻ തീരുമാനിച്ചത്. കൗൺസിലിൻ്റെ 500 മില്യൺ പൗണ്ടോളം വരുന്ന കടബാധ്യത തീർക്കാനാണ് ഈ കെട്ടിടം വിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 1972-ൽ ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീൻ പുറത്താക്കിയതിനെ തുടർന്ന് യുകെയിൽ അഭയാർത്ഥികളായി എത്തിയ ഇന്ത്യൻ കുടുംബങ്ങൾ ചേർന്നാണ് 1986-ൽ 'ഭാരത് ഹിന്ദു സമാജ്' മന്ദിരം സ്ഥാപിച്ചത്.
പീറ്റർബറോയിലെ ഈ ഏക ഹിന്ദു ക്ഷേത്രം കഴിഞ്ഞ നാല് പതിറ്റാണ്ടായി ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ പ്രവാസികളുടെ സാംസ്കാരിക കേന്ദ്രം, കുട്ടികൾക്കായുള്ള ആഫ്റ്റർ സ്കൂൾ ക്ലബ്ബുകൾ, ആരോഗ്യ പരിപാടികൾ, പാവപ്പെട്ടവർക്കായുള്ള ഭക്ഷണപ്പുര എന്നിവയെല്ലാം ഈ ക്ഷേത്രത്തിൻ്റെ ഭാഗമായി നടന്നുപോന്നിരുന്നു. ഈ കെട്ടിടമാണ് ഇപ്പോൾ യുകെയിലെ ഇസ്ലാമിക് മിഷന്റെ ഭാഗമായ 'ഖദീജ മോസ്ക്' എന്ന സംഘടനയ്ക്ക് വിറ്റിരിക്കുന്നത്. ഇവിടെ പ്രാർത്ഥനാ ഹാൾ, ക്ലാസ് മുറികൾ, കായിക വിനോദ കേന്ദ്രങ്ങൾ എന്നിവയടങ്ങുന്ന ഒരു 'യൂണിറ്റി സെന്റർ' നിർമ്മിക്കാനാണ് ഇസ്ലാമിക സംഘടനയുടെ പദ്ധതി. എന്നാൽ, ക്ഷേത്രം സംരക്ഷിക്കുന്നതിനായി 1.3 മില്യൺ പൗണ്ട് (ഏകദേശം 13.5 കോടിയിലധികം രൂപ) നൽകാമെന്ന് ക്ഷേത്ര ട്രസ്റ്റികൾ സിറ്റി കൗൺസിലിനെ അറിയിച്ചിരുന്നു. പക്ഷെ കൗൺസിൽ ഈ ഓഫർ നിരസിച്ചു. ഇസ്ലാമിക സംഘടന വാഗ്ദാനം ചെയ്തതിലും ഉയർന്ന തുകയാണ് ക്ഷേത്ര ട്രസ്റ്റികൾ വാഗ്ദാനം ചെയ്തതെന്നാണ് വിവരം.
പീറ്റർബറോ നഗരസഭ കൗൺസിൽ തീരുമാനത്തിനെതിരെ യുകെയിലും മറ്റ് രാജ്യങ്ങളിലും ഹിന്ദു സംഘടനകൾ രംഗത്തെത്തി. ക്ഷേത്രം നിലനിർത്താനുള്ള നിയമപോരാട്ടങ്ങൾക്കായി 'ഗോഫൗണ്ട്‌മി' വഴി ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് 86,000 പൗണ്ടോളം ഇതിനകം സമാഹരിച്ചു. വിൽപ്പന തടയണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഹിന്ദുക്കളുടെ ആരാധനാലയം നിലനിന്ന കെട്ടിടം ഇസ്ലാമിക സംഘടനയ്ക്ക് വിൽക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ഇവർ ചൂണ്ടിക്കാട്ടി.


