സുമിയിൽ കനത്ത ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇടയിൽ, വിദ്യാർത്ഥികൾ എസ്ഒഎസ് വീഡിയോകൾ അയച്ചിരുന്നുവെങ്കിലും അവർക്ക് സുരക്ഷിതമായ പാത ഒjരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.
ദില്ലി: യുദ്ധം നടക്കുന്ന യുക്രൈനിലെ (Ukraine) സുമിയിൽ (Sumy) കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പാലായനം ചെയ്യാനുള്ള വഴിയൊരുങ്ങിയതിൽ രണ്ട് ഫോൺകോളുകൾക്കുള്ള പങ്ക് ചെറുതല്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെയും (Vladimir Putin) ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെയും (Volodymyr Zelensky ) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് വഴിയൊരുങ്ങിയത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഉക്രേനിയൻ നഗരമായ സുമിയിൽ കുടുങ്ങിയ 650 ലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്.
സുമിയിൽ കനത്ത ഷെല്ലാക്രമണത്തിനും വെടിവയ്പ്പിനും ഇടയിൽ, വിദ്യാർത്ഥികൾ എസ്ഒഎസ് വീഡിയോകൾ അയച്ചിരുന്നുവെങ്കിലും അവർക്ക് സുരക്ഷിതമായ പാത ഒjരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഭക്ഷണവും വെള്ളവും തീർന്നുപോയെന്നും സ്വന്തമായി നഗരം വിട്ടുപോകാൻ തുടങ്ങുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
“ഇത് സങ്കീർണ്ണവും അപകടകരവുമായ സാഹചര്യമായിരുന്നു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇവരെ മാറ്റാനുള്ള ആദ്യ ശ്രമം തിങ്കളാഴ്ച പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിസന്ധി ഉയർന്ന തലത്തിലേക്ക് എത്തിിരുന്നതായി ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.
പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റുമായും ഉക്രേനിയൻ പ്രസിഡന്റുമായും സംസാരിച്ചു, ഇരു നേതാക്കളും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് നൽകി.“രണ്ട് കോളുകളിലും നേതാക്കൾ ഇന്ത്യയുടെ ആവശ്യം സ്വാഗതം ചെയ്യുകയും വിദ്യാർത്ഥികൾ സുരക്ഷിതമായി കടന്നുപോകുന്നതിൽ പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രിയോട് അറിയിക്കുകയും ചെയ്തു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കോളുകൾക്ക് ശേഷം, വിദ്യാർത്ഥികൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാൻ മോസ്കോയിലെയും കെയ്വിലെയും ഉദ്യോഗസ്ഥർക്ക് ഒ നിർദ്ദേശങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. ചൊവ്വാഴ്ച, സുമിയിലെ ഒരു പോയിന്റിൽ നിന്ന് വിദ്യാർത്ഥികളെ ബസുകളിൽ കയറ്റി സെൻട്രൽ യുക്രൈനിലെ പോൾട്ടാവയിലേക്ക് കൊണ്ടുപോയി.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യയിലെയും യുക്രൈനിലെയും അയൽരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള സഹായത്തിനായി ജനീവയിലും യുക്രൈനിലും ഇന്ത്യ റെഡ് ക്രോസുമായി ബന്ധപ്പെട്ടു. ഉക്രേനിയൻ ഡ്രൈവർമാർ റഷ്യൻ ഭാഗത്തേക്ക് വാഹനമോടിക്കാൻ തയ്യാറാകാത്തതിനാൽ യുദ്ധബാധിത മേഖലയിൽ ബസുകൾ വാടകയ്‌ക്കെടുക്കുന്നത് വലിയ വെല്ലുവിളിയാണെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
