യുണൈറ്റഡ് നേഷന്‍സ്: ഭീകരവാദം ഇല്ലാതാക്കാന്‍ ശക്തമായ നടപടിക്രമങ്ങളുമായി യുഎന്‍. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുളള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നീക്കമെന്നാണ് പ്രമേയത്തെ സ്വാഗതം ചെയ്ത് ഇന്ത്യ പ്രതികരിച്ചത്. 

വ്യാഴാഴ്ച രക്ഷാസമിതിയുടെ പരിഗണനയിലെത്തിയ പ്രമേയം ഫ്രാന്‍സ് ആണ് മുമ്പോട്ട് വച്ചത്. സമിതി ഏകകണ്ഠേന പ്രമേയം പാസാക്കി. വ്യവസായ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവയെ ദുരുപയോഗം ചെയ്ത്  പ്രീപെയ്ഡ് കാര്‍ഡുകള്‍, മൊബൈല്‍ പേയ്മെന്റ്, ക്രിപ്റ്റോ കറന്‍സികള്‍ എന്നിവ വഴി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് തടയുക എന്നതാണ് പ്രമേയത്തിന്‍റെ ലക്ഷ്യം. ഇതുകൂടാതെ ആശയവിനിമയത്തിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഭീകരര്‍ക്ക് ലഭ്യമാക്കാതിരിക്കാനും പ്രമേയം ആവശ്യപ്പെടുന്നു.

ഫ്രാന്‍സിന്റെ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്തു. വിഷയത്തില്‍ യുഎന്‍ കൂടുതല്‍ കാര്യക്ഷമമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഭീകരവാദികള്‍ പണം കണ്ടെത്താന്‍ നിരവധി മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്.  ഭീകരവാദികളുടെ  വക്താവായ രാജ്യം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്തമില്ലായ്മക്കും ന്യായ വാദങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുകയാണെന്നും പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് സയ്യിദ് അക്ബറുദീന്‍ വിമര്‍ശിച്ചു.

ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങള്‍ പണമിടപാടുകളില്‍ സുതാര്യത വര്‍ധിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇതോടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകള്‍ക്കും നിയന്ത്രണം വരുന്ന തരത്തിലാണ് പ്രമേയം പാസാക്കിയിരിക്കുന്നത്.