Asianet News MalayalamAsianet News Malayalam

ലാപ്‌ടോപ് വാങ്ങാന്‍ പണമില്ല; പ്ലസ് ടുവിന് 98.5 ശതമാനം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ലാപ്‌ടോപ് വേണമെന്നും ഒക്ടോബറിലാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്.
 

Unable To buy aLaptop, Student Dies By Suicide
Author
Hyderabad, First Published Nov 9, 2020, 7:42 PM IST

ഹൈദരാബാദ്: ലാപ് ടോപ് വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്ലസ് ടു പരീക്ഷക്ക് 98.5 ശതമാനം മാര്‍ക്ക് വാങ്ങിയ ഐശ്വര്യ റെഡ്ഡിയാണ് ജീവനൊടുക്കിയത്. തെലങ്കാനയിലാണ് സംഭവം. ദില്ലി ലേഡി ശ്രീറാം കോളേജിലെ രണ്ടാം വര്‍ഷ ഗണിത ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

മോട്ടോര്‍ബൈക്ക് മെക്കാനിക്കാണ് പിതാവ്. ഏറെ ദിവസമായി ലാപ്‌ടോപ് വാങ്ങാന്‍ പണം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കോളേജ് അടച്ചതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് പെണ്‍കുട്ടി ദില്ലിയില്‍ നിന്ന് വീട്ടിലെത്തിയത്. പിന്നീട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ തിരിച്ചുപോകാനായില്ല. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും ലാപ്‌ടോപ് വേണമെന്നും ഒക്ടോബറിലാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. കുറച്ച് ദിവസം കാത്തിരിക്കാന്‍ പെണ്‍കുട്ടിയോട് അച്ഛന്‍ പറഞ്ഞു. പിന്നീട് ലാപ്‌ടോപ്പിനെക്കുറിച്ച് പെണ്‍കുട്ടി സംസാരിച്ചില്ല. കഴിഞ്ഞ ദിവസം സ്വന്തം മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.

എന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തന്റെ വിദ്യാഭ്യാസം അവര്‍ക്ക് ബാധ്യതയാണെന്നും പെണ്‍കുട്ടി എഴുതി വെച്ചിരുന്നു. പഠിക്കാതെ ജീവിക്കാനാകില്ല. ഒരു വര്‍ഷത്തേക്കെങ്കിലും ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പിന് ശ്രമിക്കണമെന്നും പെണ്‍കുട്ടി എഴുതിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതുമുതല്‍ മകള്‍ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മാര്‍ച്ചില്‍ ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പായ 1.2 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഐഎഎസ് ആയിരുന്നു മകളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

കോളേജില്‍ ആരുമായും വിദ്യാര്‍ത്ഥിനി സഹായത്തിന് ബന്ധപ്പെട്ടിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ സുമന്‍ ശര്‍മ എന്‍ഡിടിവിയോട് പറഞ്ഞു. പിന്നാക്ക അവസ്ഥയില്‍ നിന്ന് വരുന്ന കുട്ടികളുടെ കാര്യത്തില്‍ കോളേജ് അധികൃതര്‍ ശ്രദ്ധ പുലര്‍ത്തിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് കൃത്യമായി പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അധ്യാപകരും പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios