Asianet News MalayalamAsianet News Malayalam

കൈക്കൂലി നല്‍കാന്‍ പണമില്ല; തഹസീല്‍ദാറുടെ കാറില്‍ പോത്തിനെ കെട്ടി കര്‍ഷകന്‍റെ പ്രതിഷേധം

മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

unable to give bribe farmer tied buffalo to Tehsildars car
Author
Madhya Pradesh, First Published Sep 13, 2019, 9:06 AM IST

ഭോപ്പാല്‍: കുടുംബസ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യപ്പെട്ട കൈക്കൂലി നല്‍കാനില്ലാത്തതിനാല്‍ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ട് കര്‍ഷകന്‍റെ പ്രതിഷേധം. മധ്യപ്രദേശിലെ വിദിഷ ജില്ലിലെ സിരോഞ്ചിയിലാണ് സംഭവം.

പതരിയ ഗ്രാമവാസിയായ ഭുപട് രഘുവംശി എന്ന കര്‍ഷകന്‍ ഏഴുമാസങ്ങള്‍ക്ക് മുമ്പാണ് കുടുംബസ്വത്തായ ലഭിച്ച ഭൂമി ഭാഗം വെക്കുന്നതിനായി ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നല്‍കിയത് മുതല്‍ ഭൂമി ഭാഗം ചെയ്യാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് തഹസീല്‍ദാറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 25,000 രൂപയാണ് നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിനായി തഹസീല്‍ദാര്‍ ആവശ്യപ്പെട്ടതെന്നും ഇത് നല്‍കാന്‍ കഴിയാത്തതിനാലാണ് പ്രതിഷേധസൂചകമായി തന്‍റെ പോത്തിനെ തഹസീല്‍ദാറുടെ കാറില്‍ കെട്ടിയിട്ടതെന്നും രഘുവംശി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ സാധാരണരീതിയില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തെ കാലയളവ് വേണ്ടി വരുമെന്നും കാലതാമസം നേരിട്ടത് തന്‍റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ കൊണ്ടല്ല വില്ലേജ് അക്കൗണ്ടന്‍റിന്‍റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണെന്നും തഹസീല്‍ദാര്‍ സിദ്ധാന്ത് സിങ് സിങ്‍ല പറഞ്ഞു. താന്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി കമല്‍നാഥിന്‍റെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് തഹസീല്‍ദാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും വില്ലേജ് അക്കൗണ്ടന്‍റിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും  സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്  നിര്‍ദ്ദേശം നല്‍കി. 

Follow Us:
Download App:
  • android
  • ios