കൊൽക്കത്ത: മോഷ്ടിച്ച സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാത്തതിനാൽ ഉടമയ്ക്ക് തിരികെ നൽകി യുവാവ്. പശ്ചിമ ബംഗാളിലെ കിഴക്കൻ ബർദ്‌വാനിലാണ് സംഭവം.  ഉപയോ​ഗിക്കാൻ അറിയില്ലെന്ന് കാണിച്ച് മോഷ്ടിച്ചയാൾ തന്നെയാണ് ഫോൺ തിരികെ നൽകിയത്. 

ഒരു ബേക്കറിയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഫോണിന്റെ ഉടമസ്ഥൻ. എന്നാൽ, 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ ഇയാൾ അബദ്ധത്തിൽ കടയിൽ മറന്നുവച്ചു. പിന്നാലെ കടയുടെ കൗണ്ടറിൽ നിന്നും ഈ ഫോൺ 22 വയസുള്ള യുവാവ് മോഷ്ടിക്കുകയായിരുന്നു.

ആദ്യം കടയിൽ തിരക്കി ചെന്നെങ്കിലും അവിടെ നിന്നും ഫോൺ മോഷണം പോയെന്ന് മനസിലാക്കിയ ഉടമസ്ഥൻ പൊലീസിൽ പരാതി നൽകി. ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാലും ഇയാൾ മറ്റൊരു ഫോൺ വഴി തന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു. ഇതിനിടെ സ്വിച്ച് ഓഫ് മാറുകയും ചെയ്തു.

തുടർച്ചയായ വിളികൾക്കൊടുവിൽ ഏതാനും ദിവസങ്ങൾക്ക് ശേഷം മോഷ്ടാവ് കോൾ എടുക്കുകയും തനിക്ക് ഈ ഫോൺ പ്രവർത്തിപ്പിക്കാൻ അറിയില്ലെന്നും തിരിച്ചു തരാൻ ആഗ്രഹിക്കുന്നതായും പറഞ്ഞു. പിന്നാലെ പൊലീസിന്റെ സഹാഹത്തോടെ യുവാവിന്റെ  വീട്ടിലെത്തി ഫോൺ വാങ്ങുകയായിരുന്നു. താൻ ചെയ്തത് തെറ്റായെന്നും പശ്ചാത്താപം ഉള്ളതായും യുവാവ് പറഞ്ഞു. പരാതിയൊന്നുമില്ലെന്ന് ഫോണിന്റെ ഉടമ അറിയിച്ചതോടെ ഇയാൾക്കെതിരെ നിയമപടി സ്വീകരിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.