ലക്നൗ: വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്നുള്ള സമ്മർദ്ദം സഹിക്കവയ്യാതെ ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വസ്തുവകകൾ ജ്പതി ചെയ്യുമെന്ന് ബാങ്ക് ജീവനക്കാരിലൊരാൾ അറിയിച്ചതിന് പിന്നാലെയാണ് ആത്​മഹത്യ ചെയ്തത്. 

ദുള്ള ​ഗ്രാമത്തിൽ നിന്നുള്ള 45കാരനായ സുരേഷ് എന്നയാളാണ് ജീവനൊടുക്കിയത്. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച മൃതദേഹം കനാലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ഇയാൾ ബാങ്കിൽ നിന്ന് വായ്പയായി വാങ്ങിയത്. ഇത് തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല. 

ബാങ്ക് ജീവനക്കാരിലൊരാൾ ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ വന്നിരുന്നുവെന്നും വായ്പ തിരിച്ചടച്ചില്ലെങ്കിൽ വസ്തുക്കൾ ജപ്തിചെയ്യുമെന്നും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അന്ന് മുതൽ സുരേഷ് മാനസ്സിക സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇതോടെ ഇയാൾ കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.