ദില്ലി:വടക്കന്‍ ദില്ലിയിലെ ജാഫ്രാബാദ്, മൗജ്പൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ അജ്ഞാതനായ വ്യക്തി പ്രാദേശികമായി നിര്‍മ്മിച്ച തോക്കുപയോഗിച്ച് എട്ട് റൗണ്ട് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്.പൊലീസുകാര്‍ക്ക് നേരെ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് യുവാവാണ് വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് വരുതിയിലാക്കുന്നതിന് മുന്‍പായി എട്ട് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. പൊലീസുകാര്‍ക്ക് നേരെയാണ്  ഇയാള്‍ വെടിയുതിര്‍ത്തത്. വടക്കന്‍ ദില്ലിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതിനോടകം രണ്ട് വീടുകള്‍ക്ക് തീ വച്ചതായാണ് വിവരം. 

പൗരത്വ നിയമത്തെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ദില്ലി നഗരത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. വീടുകളും കടകളും ആക്രമിക്കപ്പെട്ടു. അഗ്നിരക്ഷാസേനയുടെ ഒരു വാഹനവും ഇതിനിടെ അക്രമികള്‍ തകര്‍ത്തു. അക്രമസാധ്യത മുന്‍നിര്‍ത്തി വടക്കുകിഴക്കന്‍ ദില്ലിയിലെ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ദില്ലിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ആശങ്ക ജനിപ്പിക്കുന്നതാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ ഇടപെടണമെന്നും ദില്ലി ലെഫ്നന്‍റ് ഗവര്‍ണറോടും കേന്ദ്ര അഭ്യന്തരമന്ത്രിയോടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. അതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് കേസുകള്‍ എടുത്തതായി ദില്ലി പൊലീസ് അറിയിച്ചു. ജഫ്രാബദിലും വെൽകമിലും ഓരോ കേസ് വീതവും ദയാൽപൂരിൽ രണ്ട് കേസും ആണ് രജിസ്റ്റർ ചെയ്തിട്ട് ഉള്ളത്. സംഘർഷത്തിൽ ഏർപ്പെട്ടവരെ തിരിച്ചറിഞ്ഞെന്നും ഇവരെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും ജോയിന്‍റ്  കമ്മീഷണർ അലോക് കുമാർ അറിയിച്ചു.