കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എന്നിവരടക്കമുള്ളവരാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്

ദില്ലി: രാജ്യത്ത് വീണ്ടും ഏക സിവിൽ കോഡ് വിവാദമുയരുന്നു. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യമുയ‍ർത്തി ബിജെപി നേതാക്കൾ രംഗത്തെത്തിയിതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എന്നിവരടക്കമുള്ളവരാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പോലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സംഘപരിവാർ ശക്തികൾ ഏറെക്കാലമായി ഉയർത്തുന്ന ആവശ്യം കൂടിയാണിത്. ഭാവിയിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരു പൊതു സിവിൽ കോഡിലേക്ക് മാറണമെന്നതാണ് ഭരണഘടനാ നിർമ്മാതാക്കൾ പോലും ലക്ഷ്യമിട്ടിരുന്നതെന്നാണ് ഇവരുടെ വാദം. ഏകീകൃത സിവിൽ കോഡിൽ, വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ആളുകൾക്ക് വ്യത്യസ്ത വ്യക്തിനിയമങ്ങൾ അനുവദിക്കുന്നതിനുപകരം എല്ലാ ഇന്ത്യക്കാർക്കും ഒരേപോലുള്ള അവകാശം ലഭിക്കുമെന്നും ഇവർ പറയുന്നു. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഒരു പൊതു സ്വഭാവം ഇതിലൂടം ഉണ്ടാകുമെന്നുമാണ് ഇവരുടെ വാദം.

വിവിധ ഗോത്രങ്ങളിലോ ജാതികളിലോ മതങ്ങളിലോ സമുദായങ്ങളിലോ പെട്ടവരായാലും എല്ലാവർക്കും ബാധകമാകുന്ന നിയമം ഉണ്ടാകുന്നത് നല്ലതാണെന്ന വാദവും ഉയരുന്നുണ്ട്. വിവിധ വ്യക്തിനിയമങ്ങളിലെ, പ്രത്യേകിച്ച് വിവാഹമോചനവും വിവാഹവും സംബന്ധിച്ച വൈരുദ്ധ്യങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും ഇവ‍ർ ചൂണ്ടികാട്ടുന്നു. ആർട്ടിക്കിൾ 44 പ്രകാരം വിഭാവനം ചെയ്യുന്ന ഒരു ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത, സുപ്രീം കോടതിയും ഇടയ്ക്ക് ചൂണ്ടികാട്ടിയിരുന്നു. എന്നാൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെയും ശക്തമായ വാദങ്ങൾ മറുവശത്തുണ്ട്.

വിഷയം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വായനക്കാർക്കും അഭിപ്രായം രേഖപ്പെടുത്താം. ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ഇല്ലയോ? എന്നതിലെ അഭിപ്രായം ഏഷ്യാനെറ്റ് ന്യൂസ് ട്വിറ്റ‍ർ പോളിലൂടെ രേഖപ്പെടുത്താവുന്നതാണ്.

ലിങ്ക് ചുവടെ

Scroll to load tweet…