കൊല്ലം: കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി എൻകെ പ്രേമചന്ദ്രൻ എംപി. രാജ്യത്തെ പൊതു സ്വത്ത് പൂര്‍ണ്ണമായും വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. നൂറ ്ശതമാനം സ്വകാര്യവത്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രസംഗം വ്യക്തമാക്കുന്നു എന്നും എൻകെ പ്രേമചന്ദ്രൻ ദില്ലിയില്‍ പറഞ്ഞു. 

എൽഐസിയുടെ ഓഹരികൾ പോലും വിറ്റഴിക്കുകയാണ്. രാജ്യത്തിന്‍റെ പൊതു സ്വത്തിന്‍റെ സമ്പൂർണ വില്പനയാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രഖ്യാപിച്ച ബജറ്റ് നിർദേശങ്ങൾ അപ്രസക്തം ആണെന്ന്  തുറന്ന് സമ്മതിക്കുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. നടപ്പ് സാമ്പത്തിക വർഷത്തിലെ മൊത്തം വളർച്ച നിരക്ക് എത്രയെന്ന് കൃത്യമായി പറയാൻ പോലും ധനമന്ത്രിക്ക് ആയില്ലെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു,