ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ദില്ലി: രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സംഘടകളുടെ സമരങ്ങള്‍ക്കിടെ കേന്ദ്ര ബജറ്റില്‍ പ്രധാനമന്ത്രി കിസാന്‍ യോജന തുക വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കര്‍ഷകരുടെ ആശങ്കയകറ്റുന്നതിന് വരുമാന വര്‍ധനവാണ് ഉത്തരമായി കേന്ദ്രം നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഈ തീരുമാനത്തോട് അനുകൂലമായാണ് പ്രതികരിക്കുന്നത്. ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും ആറായിരം രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് പിഎം കിസാന്‍ യോജന. ഓരോ നാല് മാസവും കൂടുമ്പോള്‍ രണ്ടായിരം രൂപ വീതമാണ് നല്‍കുന്നത്.

കര്‍ഷകരുടെയോ കുടുംബത്തിന്റെയോ ബാങ്ക് അക്കൗണ്ടിലാണ് പതിവായി പണം വരുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 1.42 ലക്ഷം കോടി രൂപയാണ് കാര്‍ഷിക മന്ത്രാലയത്തിനായി നീക്കിവച്ചത്. ഇതില്‍ 75000 കോടി രൂപ പൂര്‍ണമായും പിഎം കിസാന്‍ സ്‌കീമിന് വേണ്ടിയായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 75000 കോടി രൂപ നീക്കിവച്ചിരുന്നുവെങ്കിലും പിന്നീടിത് 54370 കോടിയായി വെട്ടിച്ചുരുക്കി.