ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും പ്രഖ്യാപനങ്ങൾ. പുതിയ മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് പിന്തുണ നൽകും.
ദില്ലി: കേന്ദ്ര ബജറ്റിൽ ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും വമ്പൻ പ്രഖ്യാപനങ്ങൾ. പുതിയ മൂന്ന് ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. കൂടാതെ, 5 മേഖല മെഡിക്കൽ ഹബുകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പറയുന്നു. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി. യോഗ, വെൽനസ് സ്കീമുകൾക്കായി ഒന്നര ലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കുകയും ചെയ്യും.
മെഡിക്കൽ ഹബുകൾ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മരുന്ന് ചെടികൾ വളർത്തുന്നവർക്കും സംസ്കരിക്കുന്നവർക്കും സഹായ പദ്ധതിയും ബജറ്റിലുണ്ട്. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകൾക്കും കൂടുതൽ പ്രൊഫഷണലുകളെ നിയോഗിക്കുമെന്നും ബജറ്റിലുണ്ട്.
അതേസമയം, ഇന്ത്യയിലെ അനിമേഷൻ,വിഷ്വൽ എഫക്ട്സ്, ഗെയിമിങ് മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ട്. 2 മില്യൺ പ്രൊഫഷണലുകളെ 2030ഓടെ ആവശ്യമുള്ള മേഖലയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നൽകും. എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കാനുമാണ് പദ്ധതി.
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം പാർലമെൻ്റിൽ പുരോഗമിക്കുകയാണ്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങി മൂന്ന് നയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ 7 ശതമാനം ശതമാനം വളർച്ച ദാരിദ്ര്യ നിർമ്മാർജ്ജനത്തിലടക്കം വലിയ പങ്ക് വഹിച്ചെന്നും രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.

