രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'സമുദ്ര മന്ഥൻ' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 84,084 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.
ദില്ലി: രാജ്യത്തെ ഊർജ്ജ മേഖലയിൽ നിർണായകമായേക്കാവുന്ന സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതിക്കായി 84084 കോടി രൂപയാണ് തുകയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ഭീമമായ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം കൂട്ടി ഇറക്കുമതി കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
ലക്ഷ്യം ഊർജ്ജ സ്വയംപര്യാപ്തത
കടലിൽ പുതിയ എണ്ണ, പ്രകൃതിവാതക ശേഖരങ്ങൾ കണ്ടെത്താനുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്കാണ് അനുവദിച്ച തുക പ്രധാനമായും വിനിയോഗിക്കുക. 84084 കോടി രൂപ വകയിരുത്തിയതിലൂടെ, ഈ രംഗത്ത് സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പര്യവേക്ഷണ പദ്ധതികളിലൊന്നായി സമുദ്ര മന്ഥൻ മാറും. നിലവിൽ രാജ്യത്തിനാവശ്യമായ ഊർജ്ജത്തിന്റെ വലിയൊരു ഭാഗവും ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ പേര് സൂചിപ്പിക്കുന്നതുപോലെ, കടലിൽ നിന്ന് ഊർജ്ജം ‘കടഞ്ഞെടുക്കാനുള്ള’ ഈ ശ്രമം രാജ്യത്തിന്റെ സാമ്പത്തിക, തന്ത്രപ്രധാന മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. ഊർജ്ജ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക്സ മുദ്ര മന്ഥൻ വലിയ ഉത്തേജനം നൽകുമെന്നാണ് കരുതപ്പെടുന്നത്.


