ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുന്നതിനിടെ കേന്ദ്ര മന്ത്രിസഭായോഗം ദില്ലിയിൽ തുടങ്ങി. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിന് പണം അനുവദിക്കുന്നതിനുള്ള സുപ്രധാന നിര്‍ദ്ദേശങ്ങൾ അടക്കം കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണ് വിവരം. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തിൽ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിൽ നിന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ വിട്ട് നിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളും ഇതേ നിലപാടുമായി നേരത്തെ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. 

ഒരുവശത്ത് പ്രതിഷേധം ശക്തമാകുന്നതിനിടയിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്ക് പണം അനുവദിക്കുന്നത് അടക്കമുള്ള ശുപാര്‍ശകൾ കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കുന്നതിന് കാരണവും അത് തന്നെയാണ്. ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന പ്രവര്‍ത്തനങ്ങളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വിട്ടു നിൽക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അന്താരാഷ്ട്ര നാണ്യനിധി മുന്നറിയിപ്പ് അടക്കമുള്ള കാര്യങ്ങളും ഒരു പക്ഷെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വരാനിടയുണ്ട്.