ദില്ലി: സാമ്പത്തികമേഖലക്കായി പ്രഖ്യാപിച്ച പദ്ധതികൾക്ക് അംഗീകാരം നൽകാനായി കേന്ദ്ര മന്ത്രിസഭ ഇന്ന് വീണ്ടും യോഗം  ചേരും. സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും വ്യാവസായിക രംഗത്തിന് സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചക്ക് ശക്തിപകരുന്ന പദ്ധതികൾക്ക് മുൻഗണന നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ആഴ്ചയിലെ രണ്ടാമത്തെ കേന്ദ്ര മന്ത്രിസഭ യോഗമാണ് ഇന്ന് ചേരുന്നത്. തിങ്കളാഴ്ച ചേർന്ന യോഗത്തിൽ കർഷകർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു. ലോക്ഡൗൺ സാഹചര്യങ്ങൾ വിലയിരുത്താനുള്ള പാർലമെന്റിന്റെ ആഭ്യന്തര സ്റ്റാന്റിംഗ് കമ്മിറ്റി യോഗവും ഇന്ന് ചേരും. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുക. 

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയം അവസാനം പുറത്തുവിട്ട കണക്ക് പ്രകാരം 1,98,706 പേരാണ് രാജ്യത്തെ കൊവിഡ് ബാധിതർ. പ്രതിദിന വർധന നിലവിൽ എണ്ണായിരത്തിന് മുകളിലായതിനാൽ ഇന്നത്തോടെ രോഗബാധിതർ രണ്ട് ലക്ഷം കടക്കും. മരണസംഖ്യ 5598 ൽ എത്തിയിരിക്കുകയാണ്. അതേ സമയം 95,526 പേർ രോഗമുക്തി നേടി. രോഗബാധ സംബന്ധിച്ച ലോകരാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ ഇന്ത്യ ഏഴാമതാണ്.