സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയിൽ കുറഞ്ഞ ശിക്ഷ അഞ്ച് വ‍ർഷം തടവാണ്. 

ദില്ലി: നീറ്റ് - നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ ചോദ്യപേപ്പർ ചോർച്ച തടയുന്നത് സംബന്ധിച്ച പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 

പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയിൽ കുറഞ്ഞ ശിക്ഷ അഞ്ച് വ‍ർഷം തടവാണ്. ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ നിയമം പ്രാബല്യത്തിലായിരിക്കുകയാണ് ഇപ്പോൾ. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറ‌ഞ്ഞത് മൂന്ന് വർഷം തടവ് ലഭിക്കും. ഇത് അഞ്ച് വർഷം വരെ ദീർഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും. 

ഫെബ്രുവരി അഞ്ചിനാണ് ഈ ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ഫെബ്രുവരി ആറിന് പാസാക്കുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി ഒൻപതിന് രാജ്യസഭയിൽ അവതരിപ്പിച്ചു. രണ്ട് സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം