Asianet News MalayalamAsianet News Malayalam

സബ്സിഡികളുടെ കാലം കഴിയുന്നു; എൽപിജി സബ്സിഡി കഴിഞ്ഞ വര്‍ഷം മുതൽ നിര്‍ത്തി

2013-14 വര്‍ഷത്തിൽ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്സിഡി നൽകാനായി ബജറ്റിൽ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14,000 കോടി രൂപ മാത്രം. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്സിഡി ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായി.

union government says good bye to Subsidies all petroleum products have to be purchased at full price now
Author
Delhi, First Published Aug 1, 2021, 12:55 PM IST

ദില്ലി: പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെ രാജ്യത്ത് ഇന്ധന സബ്സിഡി തന്നെ പൂർണമായി ഇല്ലാതാവുകയാണ്. ഇനി പെട്രോളിയം ഉല്പന്നങ്ങളെല്ലാം മുഴുവൻ വിലയും കൊടുത്ത് വാങ്ങണം. രാജ്യത്തിന്‍റെ വികസനത്തിന് എന്ന വാദത്തോടെയാണ് സബ്സിഡികൾ ഓരോന്നായി എടുത്തുകളയുന്നത്.

പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് ജനങ്ങളെ സഹായിക്കാൻ നടപ്പാക്കിവന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആദ്യം പെട്രോളിന്‍റെയും പിന്നീട് മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്‍റെയും സബ്സിഡി നിര്‍ത്തലാക്കി. കഴിഞ്ഞ വര്‍ഷം മുതൽ പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെ പാചകവാതക സബ്സിഡിയും നിര്‍ത്തി. 

2013-14 വര്‍ഷത്തിൽ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്സിഡി നൽകാനായി ബജറ്റിൽ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14,000 കോടി രൂപ മാത്രം. പാചക വാതക സബ്സിഡി കൂടി നിര്‍ത്തിയതോടെ പെട്രോളിയം സബ്സിഡി ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായി. സബ്സിഡി നിരക്കിൽ ബിപിഎൽ കുടുംബങ്ങൾക്ക് നൽകുന്ന ചെറിയ ശതമാനം മണ്ണെണ്ണ മാത്രമേ ഇനിയുള്ളൂ. സമീപഭാവിയിൽ അതും ഇല്ലാതാകുമെന്നാണ് സൂചന.

ഇന്ധന സബ്സിഡി ഖജനാവിന് വലിയ ബാധ്യത എന്നതാണ് എല്ലാ കാലത്തും സര്‍ക്കാര്‍ നിലപാട്. അത് ഇല്ലാതാക്കാൻ യുപിഎ സര്‍ക്കാര്‍ തുടങ്ങിവെച്ചത് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഭക്ഷ്യ സബ്സിഡിക്കായി രണ്ടര ലക്ഷം കോടി രൂപയും രാസവള സബ്സിഡിക്കായി 80,000 കോടി രൂപയും ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. അതും സര്‍ക്കാരിനൊരു ബാധ്യതയാകുമോ എന്നറിയാൻ കാത്തിരിക്കാം.  

Follow Us:
Download App:
  • android
  • ios