Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം; 22 സംസ്ഥാനങ്ങളിൽ രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തി

382 ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്കുണ്ടെന്നും തമിഴ്നാട്ടിലെ കേസുകൾ ഇപ്പോഴും ആശങ്കാജനകമാണെന്നും മന്ത്രാലയം പറഞ്ഞു. 

Union Health Ministry says covid test positivity rate decreasing  india
Author
Delhi, First Published May 22, 2021, 4:40 PM IST

ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 22 സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളേക്കാൾ കൂടുതൽ രോഗമുക്തരാണ്. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഇപ്പോൾ 87. 76 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കിൽ 3.58% ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രാ, ബംഗാൾ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടുന്നുണ്ട്. 382 ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്കുണ്ടെന്നും തമിഴ്നാട്ടിലെ കേസുകൾ ഇപ്പോഴും ആശങ്കാജനകമാണെന്നും മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ എടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീൻ എടുത്തതിനാല്‍ മുലയൂട്ടൽ നിർത്തി വെക്കേണ്ടതില്ല. കുട്ടികളിലും കൊവിഡ് രോഗം കണ്ടെത്തുന്നുണ്ട്. പക്ഷേ രോഗബാധ ഗൗരവകരമല്ല. 3 - 4 % കുട്ടികളെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. 

അതേസമയം, ബ്ലാക്ക് ഫംഗസ് ചികിത്സക്കായുള്ള മരുന്ന് കൂടുതൽ കമ്പനികൾ നിർമ്മിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബയോമെഡിക്കൽ മാലിന്യങ്ങൾ നിർദ്ദേശങ്ങൾക്കനുസരിച്ച് സംസ്കരിക്കണമെന്നും ആശുപത്രികളിൽ അണുബാധ നിയന്ത്രണ സമിതികൾ രൂപീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios