ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സന്ദശിച്ചതിന് പിന്നാലെയാണ് പരാമർശവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ലഖ്നൗ: ചില സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും മുദ്രാവാക്യം വിളിച്ച് തീവ്രവാദികളെ പിന്തുണയ്ക്കുന്ന ജനങ്ങൾക്കൊപ്പം നിൽക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്. ഇവർ ആരോക്കെയാണെന്ന് രാജ്യത്തെ ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്നും ശേഖാവത്ത് പറഞ്ഞു.
"സിനിമാ താരങ്ങൾ മാത്രമല്ല, രാഷ്ട്രീയ നേതാക്കൾക്കിടയിലും ഈ രാജ്യത്തിന്റെ സംസ്കാരത്തെയും ദേവതയെയും അപമാനിക്കുന്ന ഒരു വിഭാഗമുണ്ട്. അവർ തീവ്രവാദികളെ പിന്തുണയ്ക്കുന്ന ആളുകളുമായി മുദ്രാവാക്യം വിളിക്കുകയും രാജ്യത്തെ വിഭജിക്കുന്നതിനായി മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു"-ഗജേന്ദ്ര സിംഗ് ശേഖാവത്ത് പറഞ്ഞു.
Read Also: ബഹിഷ്‌കരണ ക്യാംപയ്‌നുകള്‍ തിരിച്ചടിച്ചു; ദീപികയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഇരട്ടിയായി
ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സന്ദശിച്ചതിന് പിന്നാലെയാണ് പരാമർശവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് ദീപിക ജെഎൻയു ക്യാമ്പസിലെത്തിയത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ദീപികയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതേതുടര്‍ന്ന് ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്ന് ഒരു കൂട്ടര്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. എന്നാല്‍ കനയ്യ കുമാറടക്കമുള്ള നേതാക്കള്‍ ദീപികയെ പിന്തുണച്ച് രംഗത്തെത്തി.
