വിജയവാഡയിലേക്ക് പോവുകയായിരുന്ന ആൻഡമാൻ എക്‌സ്‌പ്രസ് ട്രെയിനിലെ എസ്-2 സ്ലീപ്പർ കോച്ചിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ചവറ്റുകുട്ടയിൽ നിന്ന് പുറത്തുവന്ന പാമ്പ് വാതിലിന്റെ ഹാൻഡിലിൽ ചുറ്റുകയായിരുന്നു.
വിജയവാഡ: ആൻഡമാൻ എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരെ ഞെട്ടിച്ച് എസ്-2 സ്ലീപ്പർ കോച്ചിനുള്ളിൽ പെരുമ്പാമ്പ്. തിങ്കളാഴ്ച വിജയവാഡ ലക്ഷ്യമാക്കി പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയാണ്.
അനക്കം കേട്ട് കോച്ചിൻ്റെ വാതിലിനടുത്ത് വെച്ചിരുന്ന ചവറ്റുകുട്ടയിൽ നോക്കിയപ്പോഴാണ് പെരുമ്പാമ്പ് തലപൊക്കി പുറത്തുവന്നത്. പാമ്പ് സാവധാനം വാതിലിന് നേരെ നീങ്ങുകയും തുടർന്ന് വാതിലിൻ്റെ ഹാൻഡിലിൽ ചുറ്റുകയും ചെയ്തു. യാത്രക്കാരാണ് മാറിനിന്ന് മൊബൈലിൽ ഈ അപ്രതീക്ഷിത ദൃശ്യം പകർത്തിയത്.
ട്രെയിൻ ഡോർണക്കൽ റെയിൽവേ സ്റ്റേഷൻ കടന്നയുടൻ തന്നെ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ വെങ്കിടേശ്വർലു പാമ്പിനെ കണ്ടു. അദ്ദേഹം ഉടൻ തന്നെ ആർ.പി.എഫ്. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് ഗൗഡിനെ വിവരമറിയിക്കുകയും അദ്ദേഹം പാമ്പുപിടുത്തക്കാരനെ ബന്ധപ്പെടുകയും ചെയ്തു.
ഉടൻ തന്നെ ട്രെയിൻ ഡോർണക്കൽ റെയിൽവേ സ്റ്റേഷനിൽ നിർത്തി. അവിടെയെത്തിയ പാമ്പുപിടിത്തക്കാരൻ പെരുമ്പാമ്പിനെ കോച്ചിൽ നിന്ന് സുരക്ഷിതമായി നീക്കം ചെയ്തു. റെയിൽവേ അധികൃതരുടെ ഏകോപിച്ചുള്ള പ്രവർത്തനം യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും അപകടവും ഉണ്ടാക്കാതെ സാഹചര്യം കൈകാര്യം ചെയ്യാൻ സഹായിച്ചു. സമയബന്ധിതമായ ഇടപെടലിനും സമചിത്തതയോടെയുള്ള രക്ഷാപ്രവർത്തനത്തിനും ആർ.പി.എഫ്. ഉദ്യോഗസ്ഥർ പാമ്പുപിടിത്തക്കാരനായ മസ്താൻ എന്നയാളെ അഭിനന്ദിച്ചു.
