മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലാ കോടതിയില്‍ കഴിഞ്ഞ ദിവസം നടന്നത് ഏറെ നാടകീയ രംഗങ്ങളാണ്. ഉച്ചസമ്മയത്തെ ഇടവേളയില്‍ ആഹാരം കഴിക്കാനായി ചേമ്പറില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയ ജഡ്ജിയും ജീവനക്കാരനും മുറിയില്‍ നിന്ന് പുറത്തിറങ്ങാനായില്ല. ജഡ്ജിയുടെ ചേമ്പറിന്‍റെ വാതില്‍ പുറത്തുനിന്ന് പൂട്ടി അതില്‍ ഒരു പേപ്പറും ഒട്ടിച്ചുവച്ചിരുന്നു അജ്ഞാതന്‍. ആരാണ് ഇത്തരമൊരു അക്രമം ചെയ്തതെന്ന് കണ്ടെത്താന്‍ ഇതുവരെയും പൊലീസിനായിട്ടില്ല. 

ഉച്ചയ്ക്ക് 2നും 2.30 നും ഇടയിലാണ് ജഡ്ജിയുടെ ചേമ്പര്‍ അജ്ഞാതന്‍ പൂട്ടിയിട്ടത്. സംഭവത്തില്‍ കേസെടുത്തുവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വക്താവ് ഹേമന്ത് കട്കര്‍ പറഞ്ഞു. അതേസമയം ജഡ്ജിയെ പൂട്ടിയ പൂട്ടിന് മുകളില്‍ ഒട്ടിച്ചുവച്ച പേപ്പറില്‍ എഴുതിയ വാചകങ്ങള്‍ വായിച്ച പൊലീസുകാര്‍ ഞെട്ടി. 

''മുംബൈ സെഷന്‍സ് കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്ന് സല്‍മാന് ജാമ്യം ലഭിച്ചു. ഞാന്‍ ഇപ്പോഴും നീതിക്കായി വാതിലുകള്‍ കയറിയിറങ്ങുകയാണ്. ഞാന്‍ നികുതി ഒടുക്കുന്നുണ്ട്. ഞാന്‍ നികുതിയടക്കുന്നതുകൊണ്ടാണ് ജഡ്ജിന് ശമ്പളം കിട്ടുന്നത്. എന്നിട്ടും എനിക്ക് നീതി നിഷേധിക്കുന്നുവെങ്കില്‍ കോടതി പൂട്ടിയിടാനും എനിക്ക് അവകാശമുണ്ട്. ഡോ. ഫയസ് ഖാന്‍റെ നിര്‍ദ്ദേശത്തില്‍ കോടതി സീല്‍ ചെയ്യുന്നു'' - എന്നായിരുന്നു ആ പേപ്പറിലെ വാചകങ്ങള്‍.