ദില്ലി: അൺലോക്ക് അ‌ഞ്ചിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറങ്ങും. സിനിമാശാലകൾ തുറക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി കേന്ദ്രസർക്കാ‍ർ അറിയിച്ചു. ഇതിനിടെ രാജ്യത്തെ പ്രതിവാര കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇടിവ് വന്നത് പ്രതീക്ഷയാകുകയാണ്

അൺലോക്ക് അഞ്ചിന്റെ മാനദണ്ഡങ്ങൾ  നാളെയോ മറ്റന്നാളോ കേന്ദ്രസ‍ർക്കാ‍ർ പുറത്തിറക്കും. സ്കൂളുകളും കോളേജുകളും ഉടൻ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകിയേക്കും. ലാബുകളുടെ ഉൾപ്പെടെ പ്രവർത്തനത്തിന് അനുമതി നൽകുമെന്നാണ് സൂചന.  സിനിമ ശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി കേന്ദ്രസ‍ർക്കാർ അറിയിച്ചു. 

നിയന്ത്രണങ്ങളോടെ സിനിമശാലകൾ പ്രവ‍ർത്തിക്കുന്നത് കൊണ്ട് സാമ്പത്തികമായി ഗുണമില്ലെന്ന് സംഘടനകൾ കേന്ദ്രസ‍ർക്കാരിനെ അറിയിച്ചിരുന്നു. ഇതിൽ ഇളവിന് സർക്കാർ തയ്യാറാകുമോ എന്നാണ് അറിയേണ്ടേത്. നീന്തൽ കുളങ്ങൾ, എൻ്റ‍ർടെയ്ൻമെൻ്റ് പാർക്കുകൾ എന്നിവയുടെ പ്രവർത്തന അനുമതി സംബന്ധിച്ചും സർ‍ക്കാർ തല ചർച്ചകൾ നടക്കുകയാണ്.  

ഇതിനിടെ രോഗികളുടെ എണ്ണത്തിൻറെ കാര്യത്തിൽ പ്രതിവാര ശരാശരിയിൽ കാണുന്ന കുറവ് സർക്കാരിന് ആശ്വാസമാകുകയാണ്.  ഈ മാസം പതിനേഴിന് പ്രതിവാര ശരാശരി 93,199 ആയിരുന്നു, എന്നാൽ കഴിഞ്ഞ ആഴ്ച്ചത്തെ ശരാശരി 85,131ആയി കുറഞ്ഞതാണ്  പ്രതീക്ഷയാകുന്നത്. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് നീങ്ങിയ സാഹചര്യം രണ്ടാഴ്ച്ച മുൻപ് വരെയുണ്ടായിരുന്നു. എന്നാൽ ഉയർന്ന കൊവിഡ് നിരക്കിൽ രാജ്യമെത്തി എന്ന് ഈ കുറവ് കൊണ്ട് മാത്രം വിലയിരുത്താനാകില്ലെന്നാണ്  ആരോഗ്യരംഗത്തെ വിദ്ഗധർ പറയുന്നത്.