Asianet News MalayalamAsianet News Malayalam

'കാറപകടത്തിന് പിന്നിൽ കുൽദീപ്'; ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

കാറപകടത്തിന് പിന്നിൽ കുൽദീപ് സെൻഗാറെന്ന് ഉന്നാവ് പെണ്‍കുട്ടി. തന്നെ ഇല്ലാതാക്കുകയായിരുന്നു സെൻഗാറിന്റെ ലക്ഷ്യം. ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും ഉന്നാവ് പെണ്‍കുട്ടി.

Unnao Girls statement out on car accident
Author
Delhi, First Published Sep 6, 2019, 7:59 AM IST

ദില്ലി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നിൽ, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുൽദീപിന്‍റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. അപകടത്തിന് മുൻപ് കുൽദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സിബിഐ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മൊഴിയെടുപ്പ്. പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ നിന്ന് പെൺകുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നിൽ പെൺകുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെന്‍ഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios