ലഖ്‌നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തില്‍ ഉത്തർപ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അപകടവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ഇതിനിടെ, ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎ കുൽദീപ് സിംഗ് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു. സർക്കാരിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പെൺകുട്ടിയുടെ സഹോദരനെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും പെൺകുട്ടിയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.

സംഭവത്തില്‍ ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെംഗാറിനെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എൽഎയ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്‍ റായ്ബറേലി ജയിലില്‍ക്കഴിയുന്ന മഹേഷ് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുര്‍ബൂബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 

അതേസമയം, വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകനും ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ടോടെ റായ്‍ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് അനിശ്ചിതകാല സമരം തുടങ്ങിയിട്ടുണ്ട്. 

Also Read: ഉന്നാവ് പെൺകുട്ടിയുടെ യാത്രാവിവരം എംഎല്‍എക്ക് ചോർന്ന് കിട്ടിയെന്ന് എഫ്‍ഐആര്‍; ദുരൂഹതയേറുന്നു

അപകടം ആസൂത്രിതമാണെന്നും പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളും തന്നെയാണെന്നും പെൺകുട്ടിയുടെ കുടുംബം ആവർത്തിക്കുന്നു. പല തവണ എംഎൽഎയുടെ കൂട്ടാളികൾ കോടതിയിൽ വച്ചും പുറത്തും ഭീഷണി മുഴക്കിയെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ജയിലിലാണെങ്കിലും എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്‍റെ പക്കൽ ഫോണുണ്ടെന്നും എല്ലാ കാര്യങ്ങളും എംഎൽഎ നിയന്ത്രിക്കുന്നത് ഫോൺ വഴിയാണെന്നും പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നു. 

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ ബലാത്സംഗം ചെയ്തെന്നാണ് സിബിഐയുടെ കണ്ടത്തൽ. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.