Asianet News MalayalamAsianet News Malayalam

പണമെല്ലാം തട്ടിയെടുത്ത് വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് ഉന്നാവ് കേസ് അതിജീവിത! അമ്മയടക്കമുള്ളവർക്കെതിരെ പരാതി

തനിക്ക് കിട്ടിയ സഹായങ്ങൾ തട്ടിയെടുത്ത ശേഷം കുടുംബം തന്നെ കയ്യൊഴിഞ്ഞതായി ഉന്നാവ് പീഡനക്കേസിലെ അതിജീവിത.

Unnao rape victim claims her mother sister uncle grabbed money ousted her from house 4 booked ppp
Author
First Published Oct 23, 2023, 12:40 AM IST

ദില്ലി: തനിക്ക് കിട്ടിയ സഹായങ്ങൾ തട്ടിയെടുത്ത ശേഷം കുടുംബം തന്നെ കയ്യൊഴിഞ്ഞതായി ഉന്നാവ് പീഡനക്കേസിലെ അതിജീവിത. അമ്മാവനും അമ്മയ്ക്കും സഹോദരിക്കുമെതിരെയാണ് അതിജീവിതയുടെ പരാതി. വിവാഹശേഷം നിലവിൽ എട്ടുമാസം ഗർഭിണിയായ യുവതി സാമ്പത്തിക സഹായം തിരിച്ച് ചോദിച്ചതാണ് പുതിയ വിവാദത്തിനു കാരണം.  

ഉന്നാവ് പെൺകുട്ടി പോരാട്ടത്തിന്റെ വലിയൊരു പ്രതീകമായിരുന്നു. രാജ്യമെങ്ങും ആളിക്കത്തിയ കേസിലാണ് ഇപ്പോൾ പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ധൈര്യത്തോടെ മുന്നോട്ടു പോയ  ഇവരെ ഇന്ന് കുടുംബം പോലും കയ്യൊഴിഞ്ഞ അവസ്ഥയിലാണ്. ആറു വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 2017 ജൂണിലായിരുന്നു ഉത്തർപ്രദേശിലെ ഉന്നാവിൽ 17 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. 

അന്നത്തെ ഉന്നാവ് എംഎൽഎ ആയിരുന്ന ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗറും സഹോദരൻ അതുൽ സിംഗുമായിരുന്നു കേസിലെ പ്രധാന പ്രതികൾ. സംഭവം ആളിക്കത്തിയതോടെ പെൺകുട്ടിയുടെ അച്ഛനെ, പ്രതികളും സംഘവും മർദിക്കുകയും വ്യാജകേസ് ചമച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ കസ്റ്റഡിയിലിരിക്കെ 2018 ഏപ്രിലിൽ പെൺകുട്ടിയുടെ അച്ഛൻ മരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

തൊട്ടുപിന്നാലെ കുൽദീപടക്കമുള്ള പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. കേസ് നടക്കവെ ഇവർക്ക് വാഹന അപകടത്തിൽ ഗുരുതമായി പരിക്കേറ്റ സംഭവത്തിനു ശേഷം സുപ്രീംകോടതി ഇടപെട്ട് വിചാരണ ദില്ലിക്ക് മാറ്റി. അതിജീവിതയ്ക്കും കുടുംബത്തിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു. 2019 ഡിസംബറിൽ കുൽദീപ് സെൻഗറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

എന്നാൽ ഇപ്പോൾ ഈ കേസിൽ അതിജീവിത തന്നെ കുടുംബത്തിനെതിരെ പരാതി നൽകിയിരിക്കുകയാണ്. സർക്കാരിൽ നിന്നും മറ്റു പല സ്രോതസ്സുകളിൽ നിന്നും കിട്ടിയ ധനസഹായം അന്ന് പ്രായപൂർത്തിയാകാത്തതു കൊണ്ട് അമ്മയുടെ അക്കൗണ്ടിലേക്കാണ് വന്നത്. ഇതിൽ നിന്നും പണം ആവശ്യപ്പെട്ട് എട്ട് മാസം ഗർഭിണിയായ അതിജീവിത വീട്ടുകാരെ സമീപിച്ചു. എന്നാൽ ഈ പണം തട്ടിയെടുക്കുകയും തന്നെയും ഭർത്താവിനെയും വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്താതായി യുവതി പറഞ്ഞു. 

Read more: ജോലിക്ക് ക‌യറിയ ആദ്യ ദിവസം നഴ്സ് ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ; ബലാത്സം​ഗത്തിനിരയായെന്ന് കുടുംബം

പീഡനകേസിനായി ഇതിനോടകം 7 കോടി രൂപയോളം ചെലവഴിച്ചെന്നും ധനസഹായം കിട്ടിയത് ഒന്നിനും തികഞ്ഞില്ലെന്നും ഒരു കേസിൽ ജയിലിലുള്ള അമ്മാവൻ പറഞ്ഞതായി അതിജീവിത പരാതിപ്പെട്ടു. ഇയാളുടെ സമ്മർദ്ദം കാരണം അമ്മയും സഹോദരിയും തനിക്കെതിരാണ്. സർക്കാരിൽ നിന്ന് കിട്ടിയ വീട്ടിൽ നിന്ന് തന്നെയും ഭർത്താവിനെയും പുറത്താക്കിയ വീട്ടുകാർ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു. അമ്മയ്ക്കും അമ്മാവനും എതിരെ അതിജീവിത നൽകിയ പരാതിയിൽ വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം നടപടികൾ ഉണ്ടാവുമെന്ന് പൊലീസും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios