ഉത്തര്‍ പ്രദേശ്: ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. റായ്ബറേലിയിൽ വച്ചുണ്ടായ അപകടത്തിൽ സംഘത്തിലുണ്ടായിരുന്നു രണ്ടു പേർ മരിച്ചു. കാറിലുണ്ടായിരുന്ന അമ്മായിയും ബന്ധുവുമാണ് സംഭവ സ്ഥലത്ത് വച്ച് മരിച്ചത്. അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന്  പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

ബന്ധുവിനെ കാണാൻ റായ്ബറേലിയിലെ ജില്ലാ ജയിലിലേക്ക് പോകവെ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന അമ്മായിയും , ബന്ധുവും സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ഇരയായ പെണ്‍കുട്ടിയെയും , അഭിഭാഷകൻ മഹേന്ദ്ര സിംഗിനെയും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കേസിൽ പ്രതിയായ ഉന്നാവോ എംഎൽഎ കുൽദീപ് സെൻഗാർ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അപകടത്തിൽ ഗൂഢാലോചനയുണ്ടെന്നും പരുക്കേറ്റ പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. 2017ൽ ജോലി ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ  കുൽദീപ് സെംഗാർ എംഎൽഎ പീഡിപ്പിച്ചുവെന്നാണ് കേസ്.  പ്രതിഷേധമുയർത്തിയ പെണ്‍കുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിന് ഇരയായി മരണപ്പെട്ടിരുന്നു. 

സിബിഐയാണ് നിലവിൽ പീഡന കേസ് അന്വേഷിക്കുന്നത്. അപകടത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് ഉന്നാവോ എസ്പി പറഞ്ഞു.  അപകട സമയത്ത് പെണ്‍കുട്ടിയുടെ കൂടെ സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല, അന്വേഷണം കഴിഞ്ഞാൽ ഉടൻ നടപടിയെടുക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.