ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിൽ ഗൂഢാലോചന ഉണ്ടെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ. കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന് അപകടത്തിൽ പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസും , സമാജ് വാദി പാർട്ടിയും ആവശ്യപ്പെട്ടു.

ബന്ധുവിനെ കാണാൻ റായ്ബറേലിയിലെ ജില്ലാ ജയിലിലേക്ക് പോകവെ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അമ്മായിയും, ബന്ധുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും, അഭിഭാഷകനും ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്.

കാറിലിടിച്ച ട്രക്കിന്റെ നന്പർ പ്ലേറ്റ് കറുത്ത മഷി കൊണ്ട് മറച്ചിരുന്നു. കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന് അപകടത്തിൽ പങ്കുണ്ടെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയോടൊപ്പം കാറിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിക്കാത്തതും സംശയത്തിന് ഇടനൽകുന്നു. എന്നാൽ കാറിൽ സ്ഥലമില്ലാത്തതിനാൽ സുരക്ഷ ഉദ്യോസ്ഥരെ പെൺകുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് വാദം. 

കാറിന്റെയും ട്രക്കിന്റെയും ഫൊറൻസിക് പരിശോധന ഉടൻ നടത്തുമെന്ന് ഡിഐജി അറിയിച്ചു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ട്രക്കിന്റെ ഡ്രൈവറെയും ഉടമസ്ഥനെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സത്യം പുറത്തുവരണമെങ്കിൽ അപകടം സിബിഐ അന്വേഷിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. 

ബിജെപി ഭരിക്കുന്ന നാട്ടിൽ പീഡനനത്തിന് ഇരയായ പെൺകുട്ടിക്ക് പോലും നീതി കിട്ടുന്നിലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിലവിൽ ഉന്നാവോ പീഡനക്കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. 2017 ജൂൺ നാലിന് ജോലി ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നാണ് സിബിഐ കണ്ടത്തൽ. 

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ല എന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.