യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ തുടരുന്നതെന്ന് നിയമവിദഗ്‍ധർ, കോടതി സ്വമേധയാ ഇടപെടണമെന്നും ആവശ്യം; വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കി ഭരണാധികാരികൾ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കാന്തപുരം

ദില്ലി: യുപിയിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ബുൾഡോസർ ഉപയോഗിച്ച് നടക്കുന്ന നീക്കങ്ങൾക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്ത്. നിയമരംഗത്തെ പന്ത്രണ്ട് പ്രമുഖരാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് കത്ത് നൽകിയത്. സ്വമേധയാ ഇടപെട്ട് നടപടികൾ തടയണമെന്നാണ് കത്തിലെ ആവശ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ തുടരുന്നതെന്നും നിയമവിദഗ്‍ധർ കത്തിൽ ആരോപിച്ചു.

ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡി, ജസ്റ്റിസ് എ.കെ.ഗാംഗുലി, ജസ്റ്റിസ് കെ.ചന്ദ്രു, ശാന്തിഭൂഷൺ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. നബിവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച 85 പേരുടെ പട്ടിക കൂടി ജില്ലാ ഭരണകൂടം നഗരസഭാ അധികൃതർക്ക് ഇന്ന് കൈമാറിയിരുന്നു. ഇവരുടെ വീടുകൾ പൊളിക്കുന്നതിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. വെല്‍ഫയർ പാര്‍ട്ടി നേതാവ് ജാവേദ് അഹമ്മദിന്‍റെ വീട് പൊളിച്ചതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കൂടുതൽ നടപടിക്കുള്ള നീക്കം. 

യുപിയിലെ ബുൾഡോസർ പൊളിക്കലുകളെ വിമർശിച്ച് കാന്തപുരം

പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നത് രാജ്യത്തെ ഏത് നിയമവ്യവസ്ഥയുടെ പിൻബലത്തിലാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചവർ നിയമം ലംഘിച്ചെങ്കിൽ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. അത് പരിഗണിക്കാതെ വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികാരികൾ പ്രവർത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കാന്തപുരം വ്യക്തമാക്കി.

പ്രവാചക നിന്ദ : യുപിയിലെ ബുൾഡോസർ പൊളിക്കലുകളെ വിമർശിച്ച് കാന്തപുരം

പ്രവാചകരെ നിന്ദ്യമായ ഭാഷയിൽ അധിക്ഷേപിച്ചവർ രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്തത്. പ്രവാചക നിന്ദയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾ അതിരുവിടരുതെന്നും അങ്ങേയറ്റത്തെ സംയമനമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ വേണ്ടതെന്നും കാന്തപുരം വ്യക്തമാക്കി.