Asianet News MalayalamAsianet News Malayalam

'ശക്തി മാത്രം പോര, ബുദ്ധിയും ധൈര്യവും വേണം'; ബുൾഡോസറിൽ യോ​ഗിയും അഖിലേഷും വാക്പോര് തുടരുന്നു

ബുൾഡോസർ കൈകാര്യം ചെയ്യുന്നതിന് ശാരീരികമായ ശക്തി മാത്രം പോരെന്നും ബുദ്ധിയും ധൈര്യവും ആവശ്യമാണെന്നും യോ​ഗി തിരിച്ചടിച്ചു.

UP CM Yogi Adityanath and Akhilesh Yadav over Bulldozer remark
Author
First Published Sep 4, 2024, 2:34 PM IST | Last Updated Sep 4, 2024, 3:07 PM IST

ലഖ്നൗ: ഉത്തർപ്രദേശിൽ എസ് പി നേതാവ് അഖിലേഷ് യാദവും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും തമ്മിലുള്ള ബുൾഡോസർ വാക്പോര് തുടരുന്നു. 2027ൽ സമാജ്‌വാദി സർക്കാർ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ മുഴുവൻ ബുൾഡോസറുകളും യോ​ഗിയുടെ നാടായ ഗോരഖ്പൂരിലേക്ക് പോകുമെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി യോ​ഗി രം​ഗത്തെത്തിയത്. ബുൾഡോസർ കൈകാര്യം ചെയ്യുന്നതിന് ശാരീരികമായ ശക്തി മാത്രം പോരെന്നും ബുദ്ധിയും ധൈര്യവും ആവശ്യമാണെന്നും യോ​ഗി തിരിച്ചടിച്ചു. ബുൾഡോസർ പ്രവർത്തിപ്പിക്കൽ എല്ലാവർക്കും അനുയോജ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്‌നൗവിൽ സർക്കാർ ജോലി നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.  

അഖിലേഷിനെ പേരെടുത്ത് പറയാതെയായിരുന്നു യോ​ഗിയുടെ പരാമർശം. എല്ലാ കൈകളിലും ബുൾഡോസറിൽ ഒതുങ്ങില്ല. ബുൾഡോസർ ഓടിക്കാൻ ഹൃദയവും മനസ്സും ഒരുപോലെ വേണം, കലാപകാരികൾക്ക് മുന്നിൽ മൂക്ക് തിരുമ്മുന്നവർ ബുൾഡോസറിന് മുന്നിൽ തോൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോഹ്യ ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി യോഗത്തിലാണ് അഖിലേഷ് ബുൾഡോസർ നടപടികൾക്കെതിരെ രം​ഗത്തെത്തിയത്. 2027ൽ അധികാരത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്നും ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിൽ ബുൾഡോസർ വിവാദത്തിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. കുറ്റാരോപിതരായ വ്യക്തികൾക്കെതിരെയുള്ള ബുൾഡോസർ നടപടികൾ സംബന്ധിച്ച് ഔപചാരിക മാർഗനിർദേശങ്ങൾ വേണമെന്ന് തിങ്കളാഴ്ച കോടതി സൂചിപ്പിച്ചു. താമസക്കാരുടെ നിയമപരമായ നിലയെ മാത്രം അടിസ്ഥാനമാക്കി പൊളിക്കൽ നടക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവിനെ സ്വാ​ഗതം ചെയ്ത് അഖിലേഷ് യാദവ് രം​ഗത്തെത്തി. നീതി ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്നാണ് അഖിലേഷ് പ്രതികരിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios