ലഖ്നൗ: പ്രിയങ്ക ​ഗാന്ധി വദ്ര രണ്ടാം ഇന്ദിര ​ഗാന്ധിയെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു. മാറ്റത്തിന്റെ കൊടുങ്കാറ്റാണ് പ്രിയങ്കയെന്നും അവരുടെ നേതൃത്വത്തിൽ 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വിജയിക്കുമെന്നും അജയ് കുമാർ പറഞ്ഞു. 

"രണ്ടാം ഇന്ദിരാ ​ഗാന്ധിയാണ് പ്രിയങ്ക ​ഗാന്ധി. മാറ്റത്തിന്റെ കൊടുങ്കാറ്റാണ് അവർ. അവരുടെ നേതൃത്വത്തിൽ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയികളാകും"- അജയ് കുമാർ ലല്ലു പറഞ്ഞു. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഭയക്കുകയാണ്. ഇരുവരും നിരത്തിലിറങ്ങിയാൽ അവർ വിയർക്കാർ തുടങ്ങുമെന്നും അജയ് കുമാർ കൂട്ടിച്ചേർത്തു. 

മഹാത്മാ ഗാന്ധിയുടെ പ്രത്യയശാസ്ത്രമാണ് കോൺഗ്രസ് പിന്തുടരുന്നത്.  സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ രാജ്യത്തെ സേവിക്കാനാണ് അദ്ദേഹം പഠിപ്പിച്ചത്. നേരെമറിച്ച് ബിജെപിയുടെ പ്രവർത്തന രീതിയും നയങ്ങളും ഭിന്നിപ്പിക്കുന്നതാണെന്നും അജയ് കുമാർ കുറ്റപ്പെടുത്തി.

ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക പാർട്ടി പ്രവർത്തകരുമായും ഭാരവാഹികളുമായും കൂടിയാലോചിച്ചാണ് പാർട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത്. പാർട്ടി പ്രവർത്തകരും ഭാരവാഹികളും വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്, പാർട്ടിക്ക് നല്ല ഫലം ലഭിക്കുമെന്നതിന്റെ സൂചനകളുണ്ടെന്നും അജയ് കുമാർ വ്യക്തമാക്കി.