ഫിറോസാബാദ്(ഉത്തര്‍ പ്രദേശ്): പ്രതിഷേധത്തിനിടെ അത്ഭുകരമായ രക്ഷപെടലിന്‍റെ അനുഭവം വിവരിച്ച് ഉത്തര്‍ പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥന്‍. ശനിയാഴ്ച പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് ഇടയില്‍ തലനാരിഴയ്ക്ക് ജീവന്‍ രക്ഷപ്പെട്ടെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ വിജേന്ദ്ര കുമാര്‍. 

ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തുളച്ച് കയറിയ വെടിയുണ്ട പഴ്സില്‍ തട്ടി നിന്നുവെന്നാണ് വിജേന്ദ്ര കുമാര്‍ അവകാശപ്പെടുന്നത്. വിജേന്ദ്ര കുമാറിന്‍റെ അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. നാല്‍ബന്ദ് മേഖലയിലായിരുന്നു വിജേന്ദ്ര കുമാറിന് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പ്രതിഷേധത്തിനിടെ വെടിയുണ്ട ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തുളച്ച് കയറി, പോക്കറ്റില്‍ വച്ചിരുന്ന പഴ്സില്‍ തട്ടി നില്‍ക്കുകയായിരുന്നുവെന്നാണ്  പൊലീസ് വാദം. 

പഴ്സില്‍ നാല് എടിഎം കാര്‍ഡുകളും സായ് ബാബയുടെയും ചിത്രമുണ്ടായിരുന്നെന്നും വിജേന്ദ്ര കുമാര്‍ പറഞ്ഞു. പ്രൂഫ് തുളച്ചുകയറിയ ബുള്ളറ്റ് ഇതില്‍ തട്ടി നിന്നുവെന്നാണ് പൊലീസുകാരന്‍ പ്രതികരിക്കുന്നത്. ഇതി തന്‍റെ രണ്ടാം ജന്മമാണെന്നുമാണ് വിജേന്ദ്ര കുമാര്‍ പറഞ്ഞു. ഈ പ്രദേശത്തെ ക്രമസമാധാന നില ഇപ്പോള്‍ നിയന്ത്രണത്തിലാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആളുകളുടെ സുരക്ഷയും സംരക്ഷണവുമാണ് ഉത്തര്‍ പ്രദേശ് പൊലീസിന്‍റെ ലക്ഷ്യമെന്നും വിജേന്ദ്ര കുമാര്‍ പറയുന്നു. 

പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ യുപിയില്‍ മാത്രം പതിനെട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 705 പ്രതിഷേധക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ക്രമസമാധാന ചുമതലയുള്ള ഇന്‍സ്പെക്ടര്‍ ജനറല്‍ പ്രവീണ്‍ കുമാര്‍ വിശദമാക്കിയിട്ടുള്ളത്. പ്രതിഷേധക്കാര്‍ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.