അപ്നാദള്‍ കംരേവാദി വിഭാഗത്തിനായി നീക്കി വച്ച അലഹബാദ് വെസ്റ്റ് സീറ്റില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് പ്രകോപനകാരണം. തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സഖ്യത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവടക്കമുള്ള നേതാക്കള്‍.

ലഖ്നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് (UP Election) ആറ് ദിവസം മാത്രം ശേഷിക്കേ സമാജ് വാദി പാര്‍ട്ടിയുടെ (Samajwadi Party) സഖ്യകക്ഷിയായ അപ്നാദള്‍ കെ വിഭാഗം മത്സരിക്കാന്‍ നല്‍കിയ 18 സീറ്റുകള്‍ തിരികെ നല്‍കി. അപ്നാദള്‍ കംരേവാദി വിഭാഗത്തിനായി നീക്കി വച്ച അലഹബാദ് വെസ്റ്റ് സീറ്റില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് പ്രകോപനകാരണം. തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സഖ്യത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവടക്കമുള്ള (Akhilesh Yadav) നേതാക്കള്‍.

അതേസമയം, ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിര്‍ദ്ദേശ പത്രിക നല്‍കി. അമിത്ഷായുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശില്‍ ഇക്കുറി ബിജെപി മൂന്നൂറിലധികം സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ട അമിത്ഷാ മാഫിയ ഭരണത്തെ തകര്‍ക്കാന്‍ യോഗിക്ക് ആയെന്ന് പറഞ്ഞു. 

ഗോരഖ് പൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് യോഗി ആദിത്യവനാഥ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. സന്ന്യാസിമാരടക്കം നിരവധി പേര്‍ യോഗിക്ക് ആശംസകളുമായി എത്തിയിരുന്നു. നിലവില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ യോഗി ആദിത്യനാഥ് ഗോരഖ് പൂരില്‍ നിന്് ഇതാദ്യമായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് അമിത്ഷായുമെത്തി.മുന്‍കാല ചരിത്രം ഇക്കുറിയും ആവര്‍ത്തിക്കുമെന്നവകാശപ്പെട്ട അമിത്ഷാ മൂന്നൂറിലധികം സീറ്റ് നേടി യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞു. പതിവുപോലെ ക്രമസമാധാന വിഷയം പ്രചാരണത്തില്‍ ഉയര്‍ത്തിയ അമിത്ഷാ പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ യോഗി ആദിത്യനാഥിനെ ഉയര്‍ത്തിക്കാട്ടി ബിജെപിക്ക് വോട്ട് പിടിക്കാനാണ് ശ്രമിക്കുന്നത്.