ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‍വാദി പാര്‍ട്ടി  നേതാവ് അസം ഖാന്‍, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയിൽ ചേർന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ‍ർ.

ലഖ്നോ: ഉത്ത‍ർപ്രദേശില്‍ (Uttar Pradesh) രണ്ടാംഘട്ട തെരഞ്ഞെടുപ്പ് (Second Phase) ഇന്ന് നടക്കും. ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ജയിലില്‍ കഴിയുന്ന സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, മകൻ അബ്ദുള്ള, യുപി ധനമന്ത്രി സുരേഷ് ഖന്ന, രാജിവെച്ച് എസ്പിയിൽ ചേർന്ന ധരംപാല്‍ സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ‍ർ. 2017ല്‍ ഈ മേഖലയിൽ നിന്ന് 38 സീറ്റ് നേടിയ ബിജെപിക്ക് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 27 നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് കിട്ടിയിരുന്നുള്ളൂ. നിലവില്‍ 15 സീറ്റാണ് ഇവിടെ നിന്ന് സമാജ്‍വാദി പാര്‍ട്ടിക്ക് ഉള്ളത്.

ദളിത്, പിന്നാേക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇവിടെ വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്നാണ് എസ്പിയുടെ ആത്മവിശ്വാസം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. ജയിലിലുള്ള അസംഖാനും മകൻ അബ്ദുള്ളയും മത്സരരംഗത്തുണ്ട്. ഇതുയർത്തിയായിരുന്നു ഈ മേഖലയിലെ ബിജെപി പ്രചാരണം. സുരക്ഷ വിഷയമാക്കിയുള്ള പ്രചാരണം വനിതാ വോട്ടർമാർ സ്വീകരിക്കും എന്നാണ് ബിജെപി വിലയിരുത്തൽ.

55ൽ മൂന്ന് സീറ്റുകൾ ആർഎൽഡിക്കായി മാറ്റിവച്ച എസ്പിക്ക് ഈ ഘട്ടം പ്രധാനമാണ്. യുപിയിൽ ഇരുപത് ദിവസത്തെ പ്രചാരണമാണ് ഇനി ബാക്കിയുള്ളത്. പ്രധാനമന്ത്രിയെ കൂടുതൽ എത്തിച്ചുള്ള തന്ത്രത്തിനാണ് ബിജെപി സംസ്ഥാനത്ത് രൂപം നൽകുന്നത്. യുപിയിൽ ആദ്യ ഘട്ടത്തിൽ അറുപത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടെടുപ്പിന് ശേഷം അഖിലേഷ് യാദവ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ നൽകിയ ശേഷം വലിയ ആൾക്കൂട്ടമാണ് അഖിലേഷ് യാദവിന്റെ യോഗങ്ങളിൽ കാണുന്നത്.